മാലദ്വീപിൽ മുയിസുവിന്റെ പാർട്ടിക്ക് വിജയം; ആശങ്കയുമായി ഇന്ത്യ
text_fieldsമാലെ: മാലദ്വീപ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്ൾസ് നാഷനൽ കോൺഗ്രസ്(പി.എൻ.സി)പാർട്ടിക്ക് വൻ വിജയം. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 66 എണ്ണം പി.എൻ.സി സ്വന്തമാക്കി. 90 സീറ്റുകളിലാണ് പി.എൻ.സി മത്സരിച്ചത്. ഇത്തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് സഭയിൽ പി.എൻ.സി നേടിയത്.
ഇന്ത്യക്ക് ആശങ്ക നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഇന്ത്യ മാലദ്വീപിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സഭയിൽ ഭൂരിപക്ഷം ലഭിച്ചതോടെ മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നയങ്ങൾ തുടർന്നുകൊണ്ടുപോകാൻ തടസ്സങ്ങളുണ്ടാകില്ല. മാലദ്വീപിൽ വിന്യസിച്ചിരുന്ന 80 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ മുയിസു കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
കടുത്ത ചൈനീസ് അനുഭാവം പുലർത്തുന്ന മുയിസുവിന്റെ ഇന്ത്യ വിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന സമയത്താണ് തെരഞ്ഞെടുപ്പിലും വൻ വിജയം നേടിയത്. പ്രതിപക്ഷമായി മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി(എം.ഡി.പി) 12 സീറ്റുകളിലും സ്വതന്ത്രർ 10 സീറ്റുകളിലും വിജയിച്ചു. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും ഇന്ത്യയെ അകറ്റി നിർത്തുമെന്നുമായിരുന്നു മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 72.96 ആണ് പോളിങ് ശതമാനം. 41 വനിതാ സ്ഥാനാർഥികൾ മത്സരിച്ചതിൽ മൂന്നു പേർ മാത്രമാണ് വിജയിച്ചത്.
2019ൽ നടന്ന തെരഞ്ഞെടുപ്പിൽ എം.ഡി.പി 64 സീറ്റുകൾ നേടിയിരുന്നു. അന്ന് മുയിസുവിന്റെ പാർട്ടിക്ക് എട്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പോടെ മുയിസുവിന്റെ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.