ശ്രീലങ്കൻ പ്രസിഡന്റ് കാണാമറയത്ത് തന്നെ, ബുധനാഴ്ച രാജിവെക്കും
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ ബുധനാഴ്ച രാജിവെക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് സൂചിപ്പിച്ചു. മൂന്നാംദിവസവും കാണാമറയത്തു തന്നെ തുടരുകയാണ് പ്രസിഡന്റ്. കടലിൽ സൈനിക കപ്പലിൽ അഭയം തേടിയിരിക്കയാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും വസതി കൈയേറിയത്. സ്ഥാനമൊഴിയുന്നതു വരെ ഇരുവരുടെയും വസതികളിൽ തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കിയിരുന്നു. പ്രക്ഷോകർ പ്രധാനമന്ത്രി റനിലിന്റെ സ്വകാര്യ വസതിക്ക് തീയിട്ടിരുന്നു. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നും സർക്കാർ രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. തുടർന്ന് ജൂലൈ 13ന് ഗോടബയ രാജിവെക്കുമെന്ന് പാർലമെന്ററി സ്പീക്കർ മഹീന്ദ യപ അബെയ്‍വർദന സൂചിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് ഗോടബയ സ്പീക്കറെ രാജിസന്നദ്ധത അറിയിച്ചത്. പ്രധാനമന്ത്രിയും രാജിവെക്കാൻ തയാറായി.
പ്രസിഡന്റും പ്രധാനമന്ത്രിയും രാജിക്ക് തയാറാണെന്ന് സമ്മതിച്ചതോടെ കൂട്ടുകക്ഷി ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നതിന്റെ തിരക്കിട്ട ചർച്ചകളിലാണ് പ്രതിപക്ഷ പാർട്ടികൾ. രാജപക്സ രാജിവെച്ചാൽ മാത്രമേ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുകയുള്ളൂ.
ഏറെ നാടകീയ രംഗങ്ങൾക്കാണ് ശനിയാഴ്ച ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ മടുത്ത പ്രക്ഷോഭകർ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതി കൈയേറുകയായിരുന്നു. പ്രസിഡന്റിന്റെ വസതിയിലെ കിടപ്പുമുറികൾ കൈയടക്കിയ പ്രക്ഷോഭകരിൽ ഒരു വിഭാഗം സ്വീമ്മിങ് പൂളിൽ നീന്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
സ്വാതന്ത്യം ലഭിച്ചതിനുശേഷം ആദ്യമായാണ് ശ്രീലങ്ക ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി ഒൂദ്യോഗിക വസതിക്കു സമീപം പ്രക്ഷോഭം നടക്കുകയാണ്.രാജ്യത്ത് ഭക്ഷ്യവില ദിനംപ്രതി കുതിക്കുകയാണ്. സ്കൂളുകൾ അടച്ചു. കൊളംബോ അടക്കമുള്ള നഗരങ്ങളിൽ മണിക്കൂറുകളോളം വരി നിന്നാണ് ആളുകൾ പെട്രോളും ഡീസലും വാങ്ങുന്നത്.അവശ്യ സേവനങ്ങൾക്ക് മാത്രമേ ഇന്ധനം ഉപയോഗിക്കാവൂ എന്നും ജനങ്ങൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.