ബേനസീർ ഭൂട്ടോയുടെ മകൾ അസീഫ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; പിതാവ് സർദാരിയുടെ സീറ്റിൽ സ്ഥാനാർഥി
text_fieldsഇസ് ലാമാബാദ്: പാകിസ്താൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരിയുടെയും അന്തരിച്ച പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) നേതാവും മുൻ പ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോയുടെയും ഇളയ മകൾ അസീഫ ഭൂട്ടോ സർദാരി രാഷ്ട്രീയത്തിലേക്ക്. ദേശീയ അസംബ്ലിയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് അസീഫ പി.പി.പി സ്ഥാനാർഥിയാവുക.
പിതാവ് ആസിഫ് അലി സർദാരി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സിന്ധ് പ്രവിശ്യയിലെ എൻഎ-207 മണ്ഡലത്തിലാണ് അസീഫ ജനവിധി തേടുന്നത്. ഞായറാഴ്ച നവാബ്ഷായിലെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് മുമ്പാകെ അസീഫ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിത്രം പി.പി.പി എക്സിലൂടെ പുറത്തുവിട്ടു.
പൊതുതെരഞ്ഞെടുപ്പിൽ എൻ.എ-207 മണ്ഡലത്തിൽ നിന്ന് വിജയിച്ച സർദാരി പാകിസ്താൻ പ്രസിഡന്‍റായതോടെ പ്രതിനിധി സഭാംഗത്വം രാജിവെക്കുകയായിരുന്നു. പി.പി.പിയുടെ ഉപാധ്യക്ഷനായ ആസിഫ് അലി സർദാരി ഞായറാഴ്ചയാണ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്. സൈന്യം ഭരണം നിയന്ത്രിക്കുന്ന രാജ്യത്ത് രണ്ടാമതും പ്രസിഡന്‍റാകുന്ന ഏക വ്യക്തിയാണ് സർദാരി.
അതേസമയം, അസീഫയെ രാജ്യത്തിന്‍റെ പ്രഥമ വനിതയായി സർദാരി പ്രഖ്യാപിച്ചേക്കുമെന്ന് എ.ആർ.ഐ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രഥമ വനിത എന്നത് പരമ്പരാഗതമായി പ്രസിഡന്‍റിന്‍റെ ഭാര്യക്ക് നൽകുന്ന പദവിയാണിത്. എന്നാൽ, ഒരു മകൾ പ്രഥമ വനിതയായി സേവനമനുഷ്ഠിക്കുന്നത് ഇതാദ്യമായിരിക്കുമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താന്‍റെ ഏക വനിത പ്രധാനമന്ത്രിയായിരുന്നു അസീഫയുടെ മാതാവായ ബേനസീർ ഭൂട്ടോ സർദാരി. 2007ൽ റാവൽപിണ്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ചാവേർ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു അവർ. 2022 ഏപ്രിലിൽ ഇംറാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം രൂപീകരിച്ച സഖ്യ സർക്കാരിൽ അസീഫയുടെ സഹോദരൻ ബിലവൽ ഭൂട്ടോ സർദാരി വിദേശകാര്യ മന്ത്രിയായിരുന്നു.
പാകിസ്താൻ മുസ് ലിം ലീഗ് -നവാസും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്ന് രൂപീകരിച്ച പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്‍റ് (പി.ഡി.എം) എന്ന സഖ്യമാണ് രാജ്യത്ത് അധികാരം പിടിച്ചത്. ഫെബ്രുവരി എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം നവാസ് ശെരീഫിന്‍റെ സഹോദരനായ ഷെഹബാസ് ശെരീഫ് നയിക്കുന്ന സർക്കാറിന് പുറമെ നിന്നാണ് പി.പി.പി പിന്തുണച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.