മഹിന്ദ രാജപക്സക്കെതിരെ വീണ്ടും രാജി സമ്മർദം; അടിയന്തരാവസ്ഥയിൽ ആശങ്കയുമായി നയതന്ത്ര പ്രതിനിധികൾ
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവെക്കണമെന്ന് ആവശ്യമുയരുന്നു. വെള്ളിയാഴ്ച അർധരാത്രി പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മഹിന്ദ രാജപക്സ രാജിവെക്കണമെന്ന് ആവശ്യമുയർന്നത്.
പിൻഗാമിയായി വരുന്ന ആൾക്ക് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുലഭിച്ചാൽ രാജിവെക്കാൻ തയാറാണെന്ന് രാജപക്സ മന്ത്രിസഭ യോഗത്തിൽ സൂചിപ്പിച്ചതായി ലങ്കൻ പത്രമായ ദ മിറർ റിപ്പോർട്ട് ചെയ്തു. നേരത്തേ, എന്തുവന്നാലും രാജിയില്ലെന്ന നിലപാടിലായിരുന്നു 76കാരനായ മഹിന്ദ. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുന്നത്. അതിനിടെ രജ്ഞിത് സിയംബാലപിത്യ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനിടെയാണ് തീരുമാനം. രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയതായാണ് റിപ്പോർട്ട്. നേരത്തേ ഏപ്രിൽ അഞ്ചിനും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അടിയന്തരാവസ്ഥയിലും സമാധാനമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലും നയതന്ത്ര പ്രതിനിധികളും മനുഷ്യാവകാശ സംഘങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാല പരിഹാരമാണ് ആവശ്യമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആവശ്യവും കേൾക്കേണ്ടതുണ്ടെന്നും ശ്രീലങ്കയിലെ യു.എസ് അംബാസഡർ ജൂലി ചുങ് ട്വീറ്റ് ചെയ്തു.
ശ്രീലങ്കൻ ജനതക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധി ഡേവിഡ് മക്കിന്നൻ സൂചിപ്പിച്ചു. രാജപക്സ സഹോദരങ്ങൾ രാജിവെക്കില്ലെങ്കിൽ മേയ് 11 വരെ സമരം തുടരുമെന്ന് ട്രേഡ് യൂനിയനുകൾ മുന്നറിയിപ്പു നൽകിയിരുന്നു.
പാർലമെന്റിനു സമീപം പ്രതിഷേധിക്കുന്നവരെ ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. വിദ്യാർഥി പ്രതിഷേധകരുടെ നേർക്കാണ് പൊലീസ് ആദ്യം കണ്ണീർവാതകം പ്രയോഗിച്ചത്.
പാപ്പരത്തത്തിന്റെ വക്കിലാണ് ശ്രീലങ്കയിപ്പോൾ. വിദേശ വായ്പകൾ തിരിച്ചടക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ഉപയോഗ്യ യോഗ്യമായ വിദേശനാണ്യം 500 ദശലക്ഷത്തിനും താഴെയായെന്നും അടുത്തിടെ ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.