ഇസ്രായേലിനെ വെടിനിർത്തലിന് നിർബന്ധിക്കാൻ യു.എസിനു മേൽ സമ്മർദം
text_fieldsതെൽഅവീവ്/വാഷിങ്ടൺ: ഗസ്സക്കു മേൽ ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങൾക്ക് ചെറിയ ഇടവേള നൽകാൻ ഇസ്രായേൽ സമ്മതിച്ചതായ വാർത്തകൾക്ക് പിന്നിൽ അമേരിക്കൻ ഇടപെടലെന്ന് സൂചന. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ്, ചെറിയ ഇടവേളക്ക് തയാറാണെന്ന് നെതന്യാഹു സൂചന നൽകിയത്.
ഗസ്സക്കു നേരെ ആണവാക്രമണവും പരിഗണിക്കണമെന്ന ഒരു ഇസ്രായേൽ മന്ത്രിയുടെ പരാമർശങ്ങൾക്കു പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഉയർന്ന പ്രതിഷേധങ്ങളുടെ ഫലമായിട്ടാണ് ബൈഡന്റെ മുൻകൈയിലുള്ള ഇടക്കാല വെടിനിർത്തൽ നീക്കമെന്നാണ് കരുതുന്നത്. യു.എസിനകത്തുനിന്നും പുറത്തുനിന്നും ബൈഡൻ വൻ സമ്മർദം നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണവും ചിലർ ഉന്നയിച്ചുകഴിഞ്ഞു. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. ബഹ്റൈൻ, ഛാദ്, ചിലി, കൊളംബിയ, ഹോണ്ടുറസ്, ജോർഡൻ, ദക്ഷിണാഫ്രിക്ക, തുർക്കിയ എന്നീ രാജ്യങ്ങൾ അവരുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു.
ഇസ്രായേൽ മന്ത്രിയുടെ ആണവാക്രമണ പരാമർശവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ആശങ്ക മറ്റു രാജ്യങ്ങളുമായി ചർച്ച ചെയ്യുമെന്ന് റഷ്യ അറിയിച്ചു. ഇസ്രായേലിനു മേൽ ഏതുതരത്തിലുള്ള സമ്മർദങ്ങൾക്കുമില്ലെന്നായിരുന്നു ഇതുവരെയും യു.എസ് നിലപാട്. ഏറ്റവുമൊടുവിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മൂന്നാം തവണ വന്നപ്പോഴും വെടിനിർത്തില്ലെന്ന ഇസ്രായേൽ നിലപാടാണ് അദ്ദേഹം അറബ് രാജ്യങ്ങൾക്ക് മുന്നിൽ വെച്ചത്.
ഇതോടെ, ചർച്ചകളേറെയും പാതിവഴിയിലാകുകയും ചെയ്തു. എന്നാൽ, മരണസംഖ്യ 10,000 പിന്നിടുകയും അതിൽ പകുതിയോളം കുരുന്നുകളാകുകയും ചെയ്തതോടെ യു.എസിനകത്തും പുറത്തും ബൈഡൻ ഭരണകൂടത്തിനെതിരെ രോഷം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിനു മുന്നിലും യു.എസ് ഭരണആസ്ഥാനമായ കാപിറ്റോളിനു മുന്നിലും വൻ പ്രതിഷേധങ്ങളാണ് നടന്നത്. പാർട്ടികത്തും നിരവധി പ്രതിനിധികൾ കൂട്ടക്കുരുതിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. ഇതിന്റെ പേരിൽ യു.എസിലടക്കം ജൂതവിരുദ്ധ അക്രമങ്ങളും വ്യാപിക്കുകയാണ്. ഇത് കണക്കിലെടുത്താണ് ജോ ബൈഡൻ വീണ്ടും നെതന്യാഹുവിനെ വിളിച്ച് മാനുഷിക ഇടവേള ആവശ്യപ്പെട്ടത്.
ഇത് അനുവദിക്കാമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗസ്സയിൽ അത് നടപ്പാകുമോ എന്നാണ് കാത്തിരുന്ന് കാണാനുള്ളത്. ബന്ദികളെ വിടാതെ വെടിനിർത്തലിനില്ലെന്ന് ഇസ്രായേൽ പറയുമ്പോൾ ഇത്രയും കുരുതികഴിഞ്ഞും വെടിനിർത്താതെ ബന്ദി മോചനമില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.
ഗസ്സയിൽ ഇത്ര രൂക്ഷമായ ആക്രമണം നടത്തി അടിസ്ഥാന സൗകര്യങ്ങളിലേറെയും തകർത്തിട്ടും ഒരു ബന്ദിയെ പോലും നേരിട്ട് മോചിപ്പിക്കാൻ ഇസ്രായേലിനായില്ലെന്നത് സ്വന്തം രാജ്യത്തും കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്.
ഖത്തർ മധ്യസ്ഥതയിൽ മോചിതരായവരൊഴികെ ആരെയും പുറത്തെത്തിക്കാൻ സൈനിക നീക്കംകൊണ്ടായിട്ടില്ല. എന്നല്ല, ഇസ്രായേൽ ആക്രമണങ്ങളിൽ 60 പേരെ കുറിച്ച് വിവരം നഷ്ടമായതായി ഹമാസ് അറിയിക്കുകയും ചെയ്തു. ഇതാണ് നെതന്യാഹുവിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.