മോദിയെ ജനാധിപത്യ സംരക്ഷണം ഓർമിപ്പിച്ച് കമല ഹാരിസ്
text_fieldsവാഷിങ്ടൺ: യു.എസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനാധിപത്യ സ്ഥാപനങ്ങളെയും തത്ത്വങ്ങളെയും ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടി യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ലോകമെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങൾ ഭീഷണി നേരിടുകയാണെന്നും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ അനിവാര്യതയാണെന്നും, ഇരുവരും ചേർന്ന് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ കമല ഹാരിസ് എടുത്തു പറഞ്ഞു.
2020ലെ ആഗോള ജനാധിപത്യ റാങ്കിങ്ങിൽ ഇന്ത്യ പിറകോട്ടുപോയ സാഹചര്യത്തിൽ യു.എസ് വൈസ് പ്രസിഡന്‍റിന്‍റെ ജനാധിപത്യ സംരക്ഷണ പരാമർശം ശ്രദ്ധേയമായിരിക്കുകയാണ്.
''ലോകമെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങൾ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും ജനാധിപത്യ തത്ത്വങ്ങൾ മുറുകെപിടിക്കൽ അനിവാര്യമായിരിക്കുകയാണ്. അതുെകാണ്ടുതന്നെ നമ്മുടെ രാജ്യനിവാസികൾക്കായി ജനാധിപത്യത്തെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു.'' -കമല പറഞ്ഞു.
ജനാധിപത്യത്തോട് ഇന്ത്യൻ ജനതക്കുള്ള പ്രതിബദ്ധത തെൻറ സ്വന്തം അനുഭവത്തിലൂടെയും കുടുംബത്തിെൻറ അനുഭവത്തിലൂടെയും മനസിലാക്കിയിട്ടുണ്ടെന്നു പറഞ്ഞ കമല, ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും തത്ത്വങ്ങളെക്കുറിച്ചും നമുക്കുള്ള കാഴ്ചപ്പാടുകൾ ശക്തിപ്പെടുത്താമെന്നും കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്‍റ് പദവിയിലേക്കുള്ള ജോ ബൈഡെൻറ വിജയം അംഗീകരിച്ചുകൊണ്ട് കാപിറ്റോൾ ഹില്ലിൽ അമേരിക്കൻ കോൺഗ്രസ് ചേർന്നേപ്പാൾ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണവും കമല ഹാരിസിെൻറ പരാമർശങ്ങൾക്കു നിദാനമായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ലോകത്തെ ഏറ്റവും വലുതും വിജയകരവുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്ന മഹത്തായ കാര്യം കമല ഹാരിസ് എടുത്തു പറയുകയായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച മാധ്യമ ചോദ്യങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്ല പ്രതികരിച്ചത്. ''തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ മാത്രമല്ല ജനാധിപത്യമെന്ന ബ്രാൻഡിനെ മറ്റു രാജ്യങ്ങളിൽ കൂടി പ്രചരിപ്പിക്കാൻ ഒന്നിച്ചു പ്രവർത്തിക്കണമെന്നാണ് യു.എസ് വൈസ് പ്രസിഡന്‍റ് പറഞ്ഞത്'' -ഷ്രിംഗ്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.