കാനഡ പ്രധാനമന്ത്രി: ഇന്ത്യൻ വംശജ അനിത ആനന്ദും പരിഗണനയിൽ
text_fieldsഓട്ടവ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലുള്ളത്. നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപാര വകുപ്പുകളുടെ മന്ത്രിയാണ് തമിഴ്നാട് സ്വദേശിയും 57കാരിയുമായ അനിത.
പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയും കാബിനറ്റ് മന്ത്രിയായ ആദ്യ ഹിന്ദുവുമാണ് അവർ. കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയിലെ കെന്റ് വില്ലയിൽ ജനിച്ച അനിത 2019ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഓക്വില്ലെയിൽനിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ 2021 വരെ പൊതുസേവന, സംഭരണ മന്ത്രിയായി സേവനമനുഷ്ഠിച്ച അനിത ട്രഷറി ബോർഡിന്റെ പ്രസിഡന്റായും പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. കോവിഡ് കാലത്ത് കാനഡയിൽ വാക്സിൻ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അനിതയായിരുന്നു. സൈന്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും യുദ്ധത്തിൽ യുക്രെയ്നുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ഗാന്ധിയന്മാരായ അനിതയുടെ മാതാവ് സരോജ് ഡി.റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങൾ. ക്വീൻസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ, ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് നിയമബിരുദം, ഡൽഹൗസി സർവകലാശാലയി ൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്ന് നിയമത്തിൽ മാസ്റ്റേഴ്സ് എന്നിവ നേടിയ അനിത ടൊറന്റോ സർവകലാശാലയിലെ നിയമ പഠനവകുപ്പിൽ പ്രഫസറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.