40 വർഷം പഴക്കമുള്ള ചാൾസ്-ഡയാന വിവാഹ കേക്കിന്റെ ലേലത്തുക കേട്ടാൽ ഞെട്ടും
text_fieldsലണ്ടൻ: ചാൾസ്-ഡയാന രാജകീയ വിവാഹ കേക്കിന്റെ ഒരു കഷണം 40 വർഷങ്ങൾക്ക് ശേഷം ലേലത്തിൽ പോയി. 1850 പൗണ്ടിനാണ് (ഏകദേശം 1.90 ലക്ഷം രൂപ) ജെറി ലെയ്ട്ടൻ എന്നയാൾ കേക്ക് ലേലത്തിൽ പിടിച്ചത്. 300 മുതല്‍ 500 പൗണ്ട് (31,000-51,000 രൂപ) വരെ മാത്രമാണ് ലേലത്തുക പ്രതീക്ഷിച്ചിരുന്നത്. കേക്കിന്റെ കഷണം എസ്റ്റേറ്റിലെ അമുല്യ വസ്തുക്കൾക്കൊപ്പം സൂക്ഷിക്കുമെന്നും തന്റെ കാല ശേഷം അത് ചാരിറ്റിക്കായി ചെലവഴിക്കുമെന്നും ലെയ്ട്ടൻ വ്യക്തമാക്കി.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ചാൾസ്-ഡയാന വിവാഹത്തിനായി 23 ഓളം കേക്കുകളാണ് തയാറാക്കിയിരുന്നത്. മാര്‍സിപാന്‍ ബെയ്സും മുകള്‍ വശത്ത് പഞ്ചസാര കോട്ടിങ്ങുമുള്ള കേക്കില്‍ കോട്ട് ഓഫ് ആംസ് (പ്രത്യേക രാജകീയ ചിഹ്നം) സ്വര്‍ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങള്‍ ഉപയോഗിച്ച് ചിത്രലേഖനം ചെയ്തിട്ടുണ്ട്. മോയ സ്മിത്ത് എന്നയാളുടെ ക്ലാരന്‍സ് ഹൗസിലെ വീട്ടിലേക്ക് നൽകിയ കേക്കിന്റെ ഭാഗമാണിത്.
'ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടേയും വിവാഹകേക്ക്' എന്നും വിവാഹതിയതിയും (29/7/1981) കുറിച്ചാണ് സ്മിത്ത് കേക്ക് സൂക്ഷിച്ച് വെച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷവും കാഴ്ചയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കേക്ക് കഴിക്കരുതെന്നാണ് ലേലം സംഘടിപ്പിച്ച ഡൊമിനിക് വിന്റര്‍ ഓക്ഷനിയേഴ്സ് മുന്നറിയിപ്പ് നൽകിയത്. യു.എസ്, യു.കെ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് ധാരാളം പേർ ലേലത്തിൽ പങ്കെടുത്തതായി അവർ പറഞ്ഞു.
അടുത്തിടെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാർ 52000 പൗണ്ടിന് (ഏകദേശം 53.48 ലക്ഷം രൂപ) ലേലത്തിൽ പോയിരുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗമായിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന 1981 മോഡൽ ഫോഡ് 'എസ്കോർട്ട് ഘിയ' സൂലണാണ് ലേലത്തിൽ വൻതുക ലഭിച്ചത്.
പതിനൊന്ന് വര്‍ഷം മാത്രമായിരുന്നു ഡയാന-ചാള്‍സ് ദാമ്പത്യം നീണ്ടുനിന്നത്. 1996ലായിരുന്നു വിവാഹമോചനം. 36 ാം വയസില്‍ പാരീസിൽ വെച്ചുണ്ടായ ഒരു കാറപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.