ഹാരി-മേഗൻ ദമ്പതികൾക്ക് രാജകീയ വസതി നഷ്ടമാകും; ഒഴിയാൻ ചാൾസ് രാജാവിന്‍റെ നിർദേശം
text_fieldsലണ്ടൻ: എലിസബത്ത് രാജ്ഞി സമ്മാനമായി നൽകിയ രാജകീയ വസതി ഒഴിയാൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും നിർദേശം. പടിഞ്ഞാറൻ ലണ്ടനിലെ ഫ്രോഗ് മോർ കോട്ടേജ് ഒഴിയാനാണ് ചാൾസ് മൂന്നാമൻ രാജാവ് മകനും മരുമകൾക്കും നിർദേശം നൽകിയത്. രാജാവിന്‍റെ നിർദേശം ലഭിച്ചെന്ന വാർത്ത ഹാരി രാജകുമാരന്‍റെ വക്താവ് സ്ഥിരീകരിച്ചു.
2018ൽ ഹാരി-മേഗൻ വിവാഹത്തിന് പിന്നാലെയാണ് ദമ്പതികൾക്ക് എലിസബത്ത് രാജ്ഞി ഫ്രോഗ് മോർ കോട്ടേജ് സമ്മാനമായി നൽകിയത്. തുടർന്ന് 24 ലക്ഷം പൗണ്ട് മുടക്കി ഹാരി കോട്ടേജ് പുതുക്കി പണിതിരുന്നു.
അതേസമയം, സഹോദരൻ ആൻഡ്രൂ രാജകുമാരന് ഫ്രോഗ് മോർ കോട്ടേജ് നൽകാൻ വേണ്ടിയാണ് ഹാരിയെയും മേഗനെയും ഒഴിപ്പിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. അന്തരിച്ച യു.എസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ആൻഡ്രൂ രാജകുമാരനെ രാജകീയ ചുമതലകളിൽ നിന്ന് കൊട്ടാരം നീക്കിയിരുന്നു. ഇതിന് പിന്നാലെ ആൻഡ്രൂ രാജകുമാരന് താമസിക്കാൻ ഫ്രോഗ് മോർ കോട്ടേജ് ചാൾസ് വാഗ്ദാനം ചെയ്തത്. ഈ വാർത്ത സൺ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, ആൻഡ്രൂ രാജകുമാരന് നിലവിലെ വസതിയിൽ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫ്രോഗ്‌മോർ കോട്ടേജിലേക്ക് മാറാൻ താൽപര്യമില്ലെന്നും അറിയിച്ചതായി സൺ പത്രം പറയുന്നു.
ഈ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ബക്കിംങ്ഹാം കൊട്ടാരം തയാറായിട്ടില്ല. അത്തരം ചർച്ചകൾ കുടുംബത്തിന്‍റെ സ്വകാര്യ കാര്യമായിരിക്കുമെന്ന് രാജകീയ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.