ഹാരിയും മേഗനും വേർപിരിഞ്ഞോ? രണ്ടുപേരും രണ്ടു വഴിക്ക് ജീവിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
text_fieldsലണ്ടൻ: സെലിബ്രിറ്റി രാജദമ്പതികളാണ് ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗൻ മാർക്കിളും. 2018ൽ വിവാഹിതരായത് മുതൽ എപ്പോഴും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട് ഇരുവരും. രാജകുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് യു.എസിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. ഹാരിക്കും മേഗനും രണ്ട് മക്കളുമുണ്ട്. എന്നാൽ ഹാരിയും മേഗനും വിവാഹമോചിതരാകുന്ന എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹാരിയും മേഗനും രണ്ടിടങ്ങളിലാണ് ജീവിക്കുന്നത് എന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇരുവരും വേർപിരിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ ഹാരി നടത്തിയ ഏകാന്ത ട്രിപ്പുകളാണ് വേർപിരിയൽ റിപ്പോർട്ടിന് ബലമായി ചൂണ്ടിക്കാട്ടുന്നത്. ന്യൂയോർക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഹാരി തനിച്ചുപോയത്. അപ്പോഴൊക്കെ ഏറെ സന്തോഷവാനായി കാണപ്പെട്ടു എന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. യാത്രക്കിടെ ആളുകളുമായി പ്രസന്നതയോടെയാണ് ഹാരി ഇടപെട്ടത്. മാത്രമല്ല, യു.കെ, ലെസോതോ എന്നിവിടങ്ങളിലേക്കും ഹാരി സോളോ ട്രിപ്പ് നടത്തി. ഈയവസരങ്ങളിലെല്ലാം ഏറെ സന്തോഷവാനായാണ് ഹാരി കാണപ്പെട്ടത്.
ചാരിറ്റി പ്രവർത്തനങ്ങളടക്കം എല്ലാ ചടങ്ങുകൾക്കും ഹാരിയും മേഗനും ഒന്നിച്ചേ പങ്കെടുത്തിട്ടുള്ളൂ. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മേഗൻ തനിച്ചാണ് വന്നത്. മാത്രമല്ല, ഹാരിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുപോലും മേഗൻ വിട്ടുനിന്നുവെന്നും വാർത്തകളുണ്ട്. 40ാം പിറന്നാൾ കുടുംബത്തിനൊപ്പമല്ല, സുഹൃത്തുക്കൾക്കൊപ്പമാണ് ഹാരി ആഘോഷിച്ചത്.
കുടുംബാംഗങ്ങളെയും സ്വന്തം നാടിനെയും ഹാരി വല്ലാതെ മിസ് ചെയ്യുന്നുമുണ്ട്. പതിവായി പബ്ബിൽ പോകാനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് ഹാരി. മേഗനെ വിവാഹം കഴിച്ചതോടെയാണ് രാജകുടുംബവുമായി ഹാരി അകന്നത്. സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ പ്രശ്നങ്ങളാണ് ഹാരി കൊട്ടാരത്തിൽ നിന്ന് പടിയിറങ്ങാനുള്ള കാരണം. ഗർഭിണിയായിരിക്കെ പോലും കൊട്ടാരത്തിൽ നിന്ന് നിറത്തിന്റെയും മറ്റും പേരിൽ രാജകുടുംബത്തിൽ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് പലതവണ മേഗൻ തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണയുമായി ഹാരി കൂടെ ഉണ്ടായിരുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യം ഉടലെടുത്തപ്പോഴാണ് ട്രയൽ എന്ന നിലയിൽ വേർപിരിഞ്ഞു കഴിയാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ റിപ്പോർട്ടുകൾ ഹാരിയും മേഗനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളി. ഇരുവരും വ്യക്തിപരമായ പ്രോജക്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും പരസ്പരം പിന്തുണ നൽകി കരിയറിൽ മുന്നോട്ട് പോകാനുള്ള അവസരം ഒരുക്കുകയാണ് രണ്ടുപേരും എന്നാണ് ഹാരിയുടെയും മേഗന്റെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ഹോളിവുഡ് സിനിമകളിലും സ്വന്തം ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മേഗന്റെ ലക്ഷ്യം. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ഹാരിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.