ബ്രിട്ടീഷ് ടാബ്ലോയിഡുകൾക്കെതിരായ ഫോൺ ഹാക്കിങ് കേസ്; ഒടുവിൽ ഹാരി രാജകുമാരന് വിജയം
text_fieldsലണ്ടൻ: ഒടുവിൽ ബ്രിട്ടീഷ് ടാബ്ലോയിഡുകൾക്കെതിരായ ഫോൺ ഹാക്കിങ് കേസിൽ വിജയിച്ച് ഹാരി രാജകുമാരൻ. മിറർ ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിലെ (എം.ജി.എൻ) മാധ്യമപ്രവർത്തകരുടെ ഫോൺ ഹാക്കിങ്ങിന് പ്രിൻസ് ഹാരി ഇരയായതായി കണ്ടെത്തിയ ലണ്ടൻ ഹൈകോടതി, സ്വകാര്യവിവരങ്ങൾ ചോർത്തിയെന്ന കേസിൽ അദ്ദേഹത്തിന് 1.8 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
1996 മുതൽ 15 വർഷക്കാലം എം.ജി.എൻ തന്നെ ടാർഗെറ്റുചെയ്‌തുവെന്നും അവർക്ക് കീഴിലുള്ള പത്രങ്ങളിൽ വന്ന 140-ലധികം വാർത്തകൾ നിയമവിരുദ്ധമായ വിവര ശേഖരണത്തിന്റെ ഫലമാണെന്നും കാട്ടിയാണ് ഹാരി എംജിഎനെതിരെ കേസ് കൊടുത്തത്. മിറർ ഗ്രൂപ്പിലെ മാധ്യമ പ്രവർത്തകർ അവരുടെ എഡിറ്റർമാരുടെ അറിവോടെ ഫോൺ ഹാക്കിങ്ങും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതായി ഹൈക്കോടതി കണ്ടെത്തി.
ഹാരിയെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങൾ ഇവ്വിധം ശേഖരിക്കുന്നത് ഡെയ്‌ലി മിറർ, സൺഡേ മിറർ, സൺഡേ പീപ്പിൾ എന്നിവയുടെ എഡിറ്റർമാർക്ക് അറിയാമായിരുന്നെന്നും അവരത് മറച്ചുവെക്കുകയാണുണ്ടായതെന്നും ജഡ്ജി ജസ്റ്റിസ് തിമോത്തി ഫാൻകോർട്ട് ചൂണ്ടിക്കാട്ടി. തനിക്കെതിരായി പ്രസിദ്ധീകരിച്ച 150-ലധികം ലേഖനങ്ങളും ഹാരി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.