ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു
text_fieldsസിഡ്നി: ആസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച് സെനറ്റർ ഫാത്തിമ പേമാൻ. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാലെയാണ് രാജി. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തതിനെ തുടർന്ന് പാർട്ടി ഇവരെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് 29കാരിയായ ഫാത്തിമ പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തുനിന്ന് അഭയാർഥികളായി ഇവിടെയെത്തിയ തന്റെ കുടുംബത്തിന് നിരപരാധികൾക്കു നേരെയുള്ള ക്രൂരതകൾ കാണുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പാർലമെന്റിൽ ഇനി സ്വതന്ത്ര സെനറ്ററായി ഫാത്തിമ തുടരും. 1996ൽ അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ആസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് ഫാത്തിമയുടെ കുടുംബം. ഹിജാബ് ധരിക്കുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ നേതാവ് കൂടിയാണിവർ.
തന്റെ നേതൃത്വത്തിന് ഫാത്തിമ നന്ദി പറഞ്ഞതായും രാജിവെക്കാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ചതായും പ്രധാനമന്ത്രി ആന്റണി അൽബാനീസ് അറിയിച്ചു. ഇസ്രായേലിന്റെ ഗസ്സ ആക്രമണം ആസ്‌ട്രേലിയയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടാക്കിയിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഔദ്യോഗികമായി സർക്കാർ മുൻഗണന നൽകുന്നത്. എന്നാൽ, ഫലസ്തീൻ രാഷ്ട്രമെന്ന പ്രമേയത്തെ പിന്തുണച്ചിരുന്നില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.