ട്രംപ്-സെലൻസ്‌കി ഏറ്റുമുട്ടലിന് പിന്നാലെ യു.എസിലുടനീളം യുക്രെയ്ൻ അനുകൂല പ്രകടനം
text_fieldsന്യൂയോർക്ക്: ഡോണൾഡ് ട്രംപും ജെഡി വാൻസും വൈറ്റ് ഹൗസിൽ വ്ളോദിമിർ സെലെൻസ്‌കിയുമായി നടത്തിയ ‘രോഷാകുലമായ’ കൂടിക്കാഴ്ചക്കു ശേഷം യു.എസിലുടനീളം യുക്രെയ്ൻ അനുകൂല പ്രകടനങ്ങൾ. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. ഓവൽ ഓഫിസിലെ തർക്കത്തിനുശേഷം അവർ യുക്രെയ്ന് പിന്തുണ അറിയിച്ചു.
വെർമോണ്ടിലെ വൈറ്റ്‌സ്‌ഫീൽഡിൽ ഉക്രെയ്ൻ അനുകൂല ബോർഡുകളുമായി പ്രതിഷേധക്കാർ റോഡിൽ നിരന്നു. അവിടെയുള്ള സ്കീ റിസോർട്ടിൽ വൈസ് പ്രസിഡന്റ് വാൻസും കുടുംബവും അവധിക്കാല സന്ദർശനത്തിനെത്തിയിരുന്നു. പ്രകടനങ്ങൾ മൂലം കുടുംബം അജ്ഞാത സ്ഥലത്തേക്ക് മാറിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ്-വാൻസ് ഭരണകൂടത്തിനെതിരെ വെയ്റ്റ്‌സ്‌ഫീൽഡിൽ ആഴ്ചയുടെ തുടക്കത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘വൈറ്റ് ഹൗസിലെ സംഭവങ്ങൾ ഇത്തവണ കൂടുതൽ ആളുകളെ പുറത്തുവരാൻ പ്രേരിപ്പിച്ചിട്ടുവെന്ന് കരുതുന്നു’- പ്രതിഷേധം സംഘടിപ്പിച്ച ഗ്രൂപ്പായ ഇൻഡിവിസിബിൾ മാഡ് റിവർ വാലിയിൽ നിന്നുള്ള ജൂഡി ഡാലി വെർമോണ്ട് പബ്ലിക് റേഡിയോയോട് പറഞ്ഞു. ഭാര്യ ഉഷക്കും മക്കൾക്കുമൊപ്പം എത്തിയ വാൻസ് പ്രതിഷേധത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ട്രംപിനെയും വാൻസിനെയും പിന്തുണക്കുന്ന എതിർ പ്രതിഷേധക്കാരും വെയ്റ്റ്‌ഫീൽഡിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സർക്കാർ ചെലവുകൾ വെട്ടിക്കുറക്കാനുള്ള ഇലോൺ മസ്‌കിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച യു.എസിലുടനീളമുള്ള ‘ടെസ്‌ല’ സ്റ്റോറുകൾക്ക് പുറത്ത് പ്രകടനക്കാർ ഒത്തുകൂടിയിരുന്നു.
അതിനിടെ, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആതിഥേയത്വം വഹിക്കുന്ന ഞായറാഴ്ച നടക്കുന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ഉച്ചകോടിയിൽ സെലെൻസ്കി യൂറോപ്യൻ നേതാക്കൾക്കൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലണ്ടനിലെ മീറ്റിംഗിന് മുന്നോടിയായി, യു.കെ ചാൻസലർ റേച്ചൽ റീവ്സ് യുക്രേനിയൻ പ്രതിനിധിയുമായി 2.26 ബില്യൺ പൗണ്ട് (2.84 ബില്യൺ ഡോളർ) വായ്‌പാ ഉടമ്പടിയിൽ ഒപ്പുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.