ശൈഖ് ഹസീന അടക്കം 10 പേർക്കെതിരെ വംശഹത്യ കേസ്; ബംഗ്ലാദേശ് ക്രൈം ട്രിബ്യൂണൽ അന്വേഷണം തുടങ്ങി
text_fieldsധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ബംഗ്ലാദേശ് ഇന്‍റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് നടന്ന വിദ്യാർഥി- ബഹുജന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് കബീറിന്റെ ഹരജിയിലാണ് നടപടി. ജൂലൈ 15 മുതൽ ആഗസ്റ്റ് അഞ്ച് വരെ പ്രക്ഷോഭകർക്ക് നേരെ നടത്തിയ കൊലപാതകങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും ഹസീനക്കും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ഹരജിയിൽ ആരോപിച്ചു.
പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾക്കും നിർബന്ധിത തിരോധാനത്തിനും വെവ്വേറെ കേസുകൾ ഫയൽ ചെയ്തു. മൂന്നാഴ്ചക്കിടെ നടന്ന അക്രമത്തിൽ 560 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ശൈഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറിയും മുൻ ഗതാഗത മന്ത്രി ഉബൈദുൽ ഖദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, പാർട്ടിയിലെ മറ്റ് പ്രമുഖർ എന്നിവർക്കെതിരെയാണ് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണലിന്റെ അന്വേഷണം ആരംഭിച്ചത്. ഇവർ വിദ്യാർഥി സമരം അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തതായി കബീറിന്റെ ഹരജിയിൽ ആരോപിക്കുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ പേരക്കുട്ടികൾക്കും ബന്ധുക്കൾക്കും സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തിയതിനെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് ആദ്യവാരം ഹസീന സർക്കാർ നിലംപതിച്ചിരുന്നു. ഹസീന രാജിവെച്ച് നാടുവിട്ടതോടെ അധികാരത്തിലേറിയ നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.