വിദ്യാർഥികൾ ക്ലാസിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് പൊലീസിനെ വിളിച്ചുവരുത്തിയ അധ്യാപകന് സസ്പെൻഷൻ
text_fieldsവാഷിങ്ടൺ: വിദ്യാർഥികൾ ക്ലാസിലെത്താൻ വൈകിയതിന് അധ്യാപകൻ പൊലീസിനെ വിളിച്ചുവരുത്തി. യു.എസിലെ ജോർജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ട് വിദ്യാർഥികൾ ക്ലാസിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിനെത്തുടർന്നാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. സംഭവത്തിൽ പ്രഫസർ കാരിസ ഗ്രേയെ സസ്പെന്‍റ് ചെയ്തു.
സംഭവത്തിന്‍റെ ദൃക്‌സാക്ഷിയും ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിനിയുമായ ബ്രിയ ബ്ലെയ്ക്ക് തന്‍റെ ടിക് ടോക്ക് അക്കൗണ്ടിലൂടെ സംഭവങ്ങൾ വിവരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസിന് 9.02 ആയപ്പോളാണ് വിദ്യാർഥികൾ എത്തിയത്. പ്രൊഫസർ വിദ്യാർഥികളോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും വിസമ്മതിച്ചു. തങ്ങൾ പണം നൽകിയാണ് ഇവിടെ പഠിക്കുന്നതെന്നും തിരിച്ചു പോകില്ലെന്നും പറഞ്ഞപ്പോൾ പ്രൊഫസർ ക്ലാസിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കാമ്പസിലെ രണ്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരുമായി മടങ്ങിയെത്തുകയായിരുന്നുവെന്നും ബ്രിയ ബ്ലെയ്ക്ക് കൂട്ടിച്ചേർത്തു.
പൊലീസ് എത്തിയപ്പോൾ വിദ്യാർഥികൾ രണ്ടുപേരും കരയാൻ തുടങ്ങിയിരുന്നു. കറുത്ത വർഗക്കാരോട് പൊലീസ് നീചമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്നും പൊലീസ് വെളുത്തവർകൂടി ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും ബ്രിയ തന്‍റെ ടിക് ടോക് വിഡിയോയിൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് യൂനിവേഴ്സിറ്റിയിലെ പ്രധാനാധ്യാപികയും പൊലീസ് മേധാവിയും സംഭവത്തിനിരയായ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കാരിസ ഗ്രേ എന്ന പ്രൊഫസറെ കാമ്പസിൽ നിന്ന് സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികൾക്ക് തടസ്സങ്ങളില്ലാതെ സെമസ്റ്റർ പൂർത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.