ഭരണകൂട വിമർശകനായ പ്രഫസറെ താലിബാൻ വിട്ടയച്ചു
text_fieldsകാബൂൾ: താലിബാൻ സർക്കാറിന്റെ വിമർശകനും കാബൂൾ യൂനിവേഴ്സിറ്റി അധ്യാപകനുമായ ഫൈസുല്ല ജലാലിനെ വിട്ടയച്ചു. ശനിയാഴ്ചയാണ് ഫൈസുല്ലയെ താലിബാൻ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തത്.
പിതാവിനെ വിട്ടയച്ചതായി ഫൈസുല്ലയുടെ മകൾ ഹസീന ജലാൽ അറിയിച്ചു. ചാനൽ ചർച്ചക്കിടെ താലിബാൻ വക്താവ് മുഹമ്മദ് നഈമിനെ 'എരുമക്കുട്ടി' എന്ന് ജലാൽ വിളിച്ചിരുന്നു. അഫ്ഗാൻ കടുത്ത അപമാനമായി കരുതുന്ന ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചുവിടാനും വ്യക്തികളുടെ അഭിമാനം പന്താടാനും ശ്രമിച്ചതിനാണ്' ഫൈസുല്ല പിടിയിലായതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.
ഫൈസുല്ലയുടെ ഭാര്യ മസ്ഊദ 2004ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹാമിദ് കർസായിക്കെതിരെ മത്സരിച്ചിരുന്നു. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ അഫ്ഗാൻ വനിതയായിരുന്നു ഇവർ. അറസ്റ്റിലായ ഫൈസുല്ലക്ക് പിന്തുണയുമായി ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. മോചനമാവശ്യപ്പെട്ട് വനിതകളുടെ നേതൃത്വത്തിൽ കാബൂളിൽ പ്രകടനം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.