ഇന്ത്യ-ഇറാൻ ചർച്ചയുടെ ഉള്ളടക്കത്തിൽ തിരുത്തൽ
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദക്കെതിരായ ആഗോള പ്രതിഷേധങ്ങൾക്കിടയിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇറാൻ ചർച്ചകളുടെ ഉള്ളടക്കത്തിൽ കാര്യമായ തിരുത്തൽ. പ്രവാചകനിന്ദ നടത്തിയവർക്കെതിരെ മറ്റുള്ളവർക്ക് പാഠമാകുന്ന വിധത്തിൽ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചുവെന്ന് പ്രസ്താവന ഇറക്കിയ ഇറാൻ മണിക്കൂറുകൾക്കകം ആ ഭാഗം നീക്കി.
ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടന്ന സംഭാഷണങ്ങളെക്കുറിച്ച വിശദീകരണമാണ് തിരുത്തിയത്. പ്രവാചകനിന്ദ നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന വരികൾ ഇറാൻ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിലെ പ്രസ്താവനയിൽ ഉണ്ടായിരുന്നു.
പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യയിലെത്തുന്ന ആദ്യത്തെ പ്രമുഖ അതിഥിയായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി. ഇറാൻ പുറത്തിറക്കിയ കുറിപ്പിലെ ഉള്ളടക്കത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി നൽകിയ മറുപടി ഇതായിരുന്നു: ''നിങ്ങൾ പറയുന്ന ഭാഗം നീക്കിയിട്ടുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്.'' വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടന്ന ചർച്ചകളിൽ പ്രവാചക പരാമർശങ്ങൾ ഉന്നയിക്കപ്പെട്ടില്ലെന്നും ബഗ്ചി പറഞ്ഞു. പരാമർശങ്ങളോ ട്വീറ്റോ സർക്കാറിന്റെ കാഴ്ചപ്പാടല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
മറ്റു രാജ്യങ്ങളോട് സാഹചര്യങ്ങൾ വിശദീകരിക്കുന്ന നമ്മുടെ സംഭാഷണ പ്രതിനിധികളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പരാമർശങ്ങൾക്കും ട്വീറ്റിനും ബന്ധപ്പെട്ട കേന്ദ്രങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല -വക്താവ് കൂട്ടിച്ചേർത്തു. പ്രവാചകനിന്ദമൂലമുണ്ടായ വിപരീത സാഹചര്യങ്ങളുടെ വിഷയം ചർച്ചയിൽ ഉന്നയിച്ചുവെന്നായിരുന്നു നേരത്തേ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പ് വിശദീകരിച്ചത്.
പ്രവാചകനോടുള്ള സർക്കാറിന്റെ ആദരം ഇന്ത്യ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്. കുറ്റക്കാരെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ അധികൃതർ സ്വീകരിക്കുന്ന നിലപാടിൽ മുസ്‍ലിംകൾ തൃപ്തരാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞതായും അതിലുണ്ടായിരുന്നു. വാർത്ത ഏജൻസിയായ പി.ടി.ഐ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.