‘ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’; മോദിക്കെതിരെ യു.എസ് നിരത്തുകളിൽ പ്രതിഷേധ ട്രക്കുകൾ
text_fieldsവാഷിങ്ടൺ: ഏറെ കൊട്ടിഘോഷങ്ങളുമായി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധവും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ മനുഷ്യാവകാശ ലംഘനം നടത്തുന്നതിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലും മറ്റിടങ്ങളിലുമായി ജനാധിപത്യ, മനുഷ്യാവകാശ പ്രവർത്തകരും കൂട്ടായ്മകളും വിവിധ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നരേന്ദ്ര മോദിക്കെതിരായ ബാനറുകളും പ്രതിഷേധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച ഡിജിറ്റൽ സ്ക്രീനുകളുമായി ട്രക്കുകൾ നിരത്തിലൂടെ നീങ്ങുന്ന കാഴ്ചയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോദി ഭരണത്തിനിടെ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിതർക്കും നേരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് ബൈഡന് അറിയുമോയെന്ന ചോദ്യം ഉൾപ്പെടെയാണ് ട്രക്കുകളിലെ എൽ.ഇ.ഡി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടത്.
വിചാരണപോലുമില്ലാതെ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് എന്തുകൊണ്ടാണ് ആയിരത്തിലധികം ദിവസമായി ജയിലിൽ എന്ന് മോദിയോട് ചോദിക്കു ബൈഡൻ, 2005-2014 കാലഘട്ടത്തിൽ മോദിക്ക് യു.എസ്.എ എന്തുകൊണ്ട് നിരോധനം ഏർപ്പെടുത്തിയെന്നതിന്റെ ഉത്തരവും ട്രക്കുകളിൽ കാണാം.
മതപരമായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായെന്നും ഇതേതുടർന്നാണ് നിരോധനമുണ്ടായതെന്നും മോദി ഇന്ത്യയുടെ ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യയാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. യു.എസ് കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യുന്ന പരിപാടി ബഹിഷ്കരിക്കുമെന്നും നിരവധി ഡെമോക്രാറ്റ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മോദിയോട് ചോദിക്കണമെന്ന് 70 ലേറെ ഡെമോക്രാറ്റ് പാർലമെന്റ് അംഗങ്ങൾ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ‘മോദിനോട്ട് വെൽക്കം’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലും വൻ കാമ്പയിൻ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.