സൈന്യത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധമുയരുന്നു
text_fieldsയാംഗോൻ: പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറിൽ നിയമലംഘന പ്രസ്ഥാനം സജീവമാകുന്നു. അധ്യാപകരും വിദ്യാർഥികളും സജീവമായി പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് വന്നു. തടവിലായ നേതാവ് ഓങ്സാൻ സൂചിയുടെ പാർട്ടിയുടെ നിറത്തെ സൂചിപ്പിക്കുന്ന ചുവപ്പ് റിബണുമണിഞ്ഞാണ് അധ്യാപകരും വിദ്യാർഥികളും ഡാഗൺ സർവകലാശാലയിൽ അണിനിരന്നത്. 'നാഷനൽ ലീഗ് ഫോർ ഡെമോക്രസി'യിലെ (എൻ.എൽ.ഡി) മുതിർന്ന നേതാവ് വിൻ ഹതയ്നെ കഴിഞ്ഞ ദിവസം സൈന്യം തടവിലാക്കി. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
മ്യാന്മറിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. പട്ടാള അട്ടിമറിക്കുശേഷം ആദ്യമായാണ് ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. യാംഗോനിലെ ജനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് രാത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാത്രങ്ങൾ മുട്ടി വിപ്ലവ ഗാനങ്ങൾ പാടിയായിരുന്നു പ്രതിഷേധം. പകൽ ഫ്ലാഷ്മോബുകളും നടന്നു.
ആരോഗ്യമേഖലയിലുള്ള ചിലരും സർക്കാർ ജീവനക്കാരും പണിമുടക്കുകയോ ചെറിയ രൂപത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ ചെയ്തു. 70ഓളം എം.പിമാർ പ്രതീകാത്മക പാർലമെൻറ് ചേർന്നു.
ഓൺലൈനിൽ പ്രതിഷേധം സജീവമാണ്. ഇതിനാൽ സൈന്യം ഫേസ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.
സൈന്യം അടിയന്തരമായി അധികാരമൊഴിയണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആവശ്യപ്പെട്ടു. സൈനിക ഭരണം തുടർന്നാൽ കനത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് നേരത്തേ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.