കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ബ്രസൽസിൽ 50,000 പേരുടെ പ്രതിഷേധം; സംഘർഷം
text_fieldsബ്രസൽസ്: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പതിനായിരക്കണക്കിന് പേർ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. 50,000ത്തോളം ആളുകൾ ബെൽജിയൻ തലസ്ഥാനത്തിലൂടെ പ്രകടനം നടത്തിയതായി അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങൾക്കിടെ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഏറ്റവും വലുതാണിത്.
യൂറോപ്യൻ യൂനിയന്‍റെ ആസ്ഥാനത്തിന് സമീപമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലുകളും പടക്കങ്ങളും എറിഞ്ഞ നൂറുകണക്കിന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. ഓഫിസുകളുടെ ഗ്ലാസ് കവാടം മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ തകർത്തു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സമീപത്തെ മെട്രോ സ്റ്റേഷനിൽ അഭയം തേടി. യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ അക്രമത്തെ അപലപിച്ചു.
സംഭവത്തിൽ 70ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് ഓഫിസർമാരെയും 12 പ്രകടനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. 'ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിന്‍റെ അടിത്തറകളിലൊന്നാണ്. എല്ലാവർക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിവേചനരഹിതമായ അക്രമം അംഗീകരിക്കാനാവില്ല. പൊലീസിനെതിരായ അക്രമവും അംഗീകരിക്കില്ല' -ഡി ക്രൂ കൂട്ടിച്ചേർത്തു.
വേൾഡ് വൈഡ് ഡെമോൺസ്ട്രേഷൻ ഫോർ ഫ്രീഡം, യൂറോപ്യൻസ് യുനൈറ്റഡ് ഫോർ ഫ്രീഡം എന്നിവയുൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റ് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നും ആളുകളെ ക്ഷണിച്ചിരുന്നു. പോളണ്ട്, നെതർലൻഡ്സ്, ഫ്രാൻസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതാകകൾ പ്രതിഷേധക്കാർക്കിടയിൽ കാണാമായിരുന്നു. യൂറോപ്പിലെ പല ഭാഗങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, ബ്രിട്ടൻ എല്ലാവിധ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതൽ നിയന്ത്രണങ്ങൾ കുറക്കുമെന്ന് ഫ്രാൻസും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.