സെനഗാളിൽ പ്രക്ഷോഭം: ഒമ്പത് മരണം
text_fieldsഡാകാർ (സെനഗാൾ): പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗാളിൽ പൊലീസും പ്രതിപക്ഷ നേതാവ് ഉസ്മാനെ സോങ്കോയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടിയതിൽ ഒമ്പത് പേർ മരിച്ചു. സംഘർഷത്തിന് പിന്നാലെ, സമൂഹമാധ്യമ ഉപയോഗത്തിന് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
യുവജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റത്തിന് സോങ്കോയെ കഴിഞ്ഞ ദിവസം രണ്ട് വർഷത്തെ തടവിന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, ബലാത്സംഗം ഉൾപ്പെടെ മറ്റ് കുറ്റങ്ങളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ശിക്ഷ വിധിക്കുന്ന സമയത്ത് സോങ്കോ കോടതിയിൽ ഹാജരായിരുന്നില്ല. ഇദ്ദേഹത്തെ ഏത് സമയത്തും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
തലസ്ഥാനമായ ഡാകാർ, തെക്കൻ മേഖലയിലുള്ള സിഗുയിൻകോർ എന്നിവിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതെന്ന് ആഭ്യന്തര മന്ത്രി അന്റോയിൻ ഫെലിക്സ് അബ്ദൂലേ ഡിയോം പറഞ്ഞു. പ്രക്ഷോഭകർ അക്രമപ്രവർത്തനങ്ങൾക്ക് പ്രേരണ നൽകാൻ ഉപയോഗിച്ച ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടി ഉസ്മാനെ സോങ്കോ മൂന്നാമതെത്തിയിരുന്നു. അതേസമയം, ശിക്ഷിക്കപ്പെട്ടതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അദ്ദേഹത്തിെന്റ സാധ്യത മങ്ങി. സോങ്കാക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹത്തിെന്റ രാഷ്ട്രീയ പാർട്ടിയായ പാസ്റ്റെഫ് പറഞ്ഞു. തെരുവിലേക്കിറങ്ങാൻ പാർട്ടി അണികളോട് ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.