മുംബൈ ഭീകരാക്രമണ വാർഷികം: ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധം
text_fieldsടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രവാസികളായ അംഗങ്ങളും ജപ്പാനിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ളവരും വ്യാഴാഴ്ച പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുംബൈ ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്ത ഭീകരതയാണെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
അന്ന് തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ ഒരാളായ ജാപ്പനീസ് പൗരനായ ഹിസാഷി സുഡയെയും പ്രതിഷേധക്കാർ അനുസ്മരിച്ചു. മെഴുകുതുരി തെളിച്ച് ആദരാജ്ഞലിയും അർപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പാകിസ്താൻ ശിക്ഷിക്കണമെന്നും തീവ്രവാദത്തെ എതിർക്കുന്ന നയം പാകിസ്താൻ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രണത്തിനും നടപ്പാക്കലിനും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിലൂടെ തങ്ങൾ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് പാകിസ്ഥാൻ സ്ഥിരീകരിക്കുകയാണെന്നും ഭീകരതയുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ തങ്ങളാണെന്ന് അംഗീകരിക്കുകയുമാണെന്നും അവർ പ്രതിഷേധത്തിനിടെ പറഞ്ഞു.
2008 നവംബര്‍ 26നാണ് 10 ഭീകരർ മുംബൈയെ കുരുതിക്കളമാക്കിയത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തിയാണ് ആക്രമണം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്‍റിലെ ഒബ്‌റോയി ട്രൈഡന്‍റ് ഹോട്ടല്‍ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചു വിട്ടിരുന്നു.
നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സൈന്യം വധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.