ശ്രീലങ്കയിൽ പ്രക്ഷോഭകരെ വേട്ടയാടുന്നതായി പരാതി
text_fieldsകൊളംബോ: മുൻ പ്രസിഡന്റ് ഗോടബയ രാജപക്സയെ പുറത്താക്കിയ ജനകീയ വിപ്ലവത്തിൽ പങ്കെടുത്തവരെ പിൻഗാമിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ വേട്ടയാടുന്നതായി പരാതി. സമരത്തിൽ പങ്കെടുത്തതിന് ബുദ്ധ സന്യാസി ഉൾപ്പെടെ നൂറിലേറെ പേർ ഇതിനകം പിടിയിലായതായാണ് റിപ്പോർട്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു പുറമെ യാത്രവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ വീടുകൾ റെയ്ഡ് ചെയ്ത സുരക്ഷ ഉദ്യോഗസ്ഥർ പലരെയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്യുന്നത് തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പ്രക്ഷോഭകരുടെ മനസ്സിൽ ഭീതി വിതക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ റുകി ഫെർണാണ്ടോ പറഞ്ഞു.
സമരത്തിൽ മുന്നണിയിലുണ്ടായിരുന്ന ക്രിസ്തീയ പാതിരി ജീവന്ത പെയ്റിസും നടപടിക്കിരയായവരിൽപെടും. അറസ്റ്റ് വാറന്റിനെ തുടർന്ന് കൊളംബോയിലും ഇയാളുടെ സ്വദേശത്തുമുള്ള രണ്ടു ചർച്ചുകളിലും റെയ്ഡ് നടന്നു. അറസ്റ്റ് ഒഴിവാക്കാൻ പെയ്റിസ് കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവ് ജോസഫ് സ്റ്റാലിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ തകർച്ചക്കു കൂട്ടുനിന്ന രാജപക്സ കുടുംബാംഗങ്ങൾ സുരക്ഷിതരായി രാജ്യത്ത് കഴിയുമ്പോഴാണ് സ്റ്റാലിനെ പോലുള്ള നേതാക്കൾ പിടിയിലാകുന്നതെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.