ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി യു.എസിലെ ജൂതമത വിശ്വാസികൾ; നിരവധി പേർ അറസ്റ്റിൽ
text_fieldsന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ വൻ പ്രതിഷേധ പ്രകടനവുമായി ന്യൂയോർക്കിലെ ജൂതമത വിശ്വാസികൾ. വെടിനിർത്തൽ ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ പ്രധാന കവാടത്തിൽ സംഘടിച്ച് മുദ്രാവാക്യം മുഴക്കി. ഇന്നലെ രാത്രി ഗസ്സയിൽ ഇസ്രായേൽ സൈന്യം വ്യോമ, കര, നാവിക ആക്രമണം ശക്തമാക്കിയ വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ന്യൂയോർക്കിൽ പ്രതിഷേധ റാലി നടന്നത്.
‘ഉടൻ വെടിനിർത്തൂ’, ‘നമ്മുടെ പേരിൽ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ കറുത്ത ടീ ഷർട്ടുകൾ ധരിച്ചാണ് ഇവർ എത്തിയത്. ഫലസ്തീനികൾക്ക് മോചനം നൽകാനും ഗസ്സയിലെ ബോംബാക്രമണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ബാനറുകൾ ഉയർത്തി. “ഇനി ആയുധങ്ങളൊന്നും വേണ്ട. ഇനി യുദ്ധം വേണ്ട. വെടിനിർത്തലിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്” എന്ന മുദ്രാവാക്യം അലയടിച്ചു. ടെർമിനലിൽ യുദ്ധവിരുദ്ധ ബാനറുകൾ കെട്ടി.
പ്രതിഷേധത്തെ തുടർന്ന് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ താൽക്കാലികമായി അടച്ചുപൂട്ടിയതായി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. യാത്രക്കാരെ മറ്റുസ്ഥലങ്ങളിലേക്ക് പറഞ്ഞുവിട്ടു. ഡസൻ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രകടനം സംഘടിപ്പിച്ച ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടന നൂറുകണക്കിന് പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സമരത്തിൽ ആയിരങ്ങൾ പങ്കെടുത്തതായി ജെ.വി.പി വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിനിടെ ന്യൂയോർക്ക് നഗരം കണ്ട ഏറ്റവും വലിയ ബഹുജന പ്രതിഷേധമായിരുന്നു നടന്നത്. പങ്കെടുത്ത നൂറുകണക്കിന് ജൂത വിശ്വാസികളെയും സമാനമനസ്കരെയും അറസ്റ്റ് ചെയ്തു -സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.