ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷനിലേക്ക് ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധ മാർച്ച്, തടഞ്ഞ യു.കെ പൊലീസിനു നേരെ മഷിയേറ്
text_fieldsലണ്ടൻ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂലികൾ ബുധനാഴ്ച ഉച്ചയോടെ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലേക്ക് വീണ്ടും മാർച്ച് നടത്തി. പ്രതിഷേധക്കാരെ ഹൈ കമ്മീഷനിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ തടഞ്ഞ യു.കെ പൊലീസിനു നേരെ മഷിയും വെള്ളക്കുപ്പിയും എറിഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യവും ഉയർത്തി.
നേരത്തെ ഖലിസ്ഥാൻ വാദികൾ ഹൈകമ്മീഷനിലെ ഇന്ത്യൻ ദേശീയ പതാക നശിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ നശിപ്പിച്ച പതാകയേക്കാൾ വലുത് ഹൈകമ്മീഷനിലെ ജീവനക്കാർ പുതുതായി സ്ഥാപിച്ചു. ഇതാണ് ഖലിസ്ഥാൻ വാദികളുടെ പെട്ടെന്നുള്ള പ്രകോപനത്തിന് ഇടയാക്കിയത്.
പ്രതിഷേധം അറിഞ്ഞ് ലണ്ടൻ പൊലീസ് വൻ സന്നാഹം തന്നെ ഒരുക്കിയിരുന്നു. 24 ബസ് നിറയെ പൊലീസാണ് ഇന്ത്യൻ ഹൈകമീഷന് സുരക്ഷയൊരുക്കാൻ ഇറങ്ങിയത്. ആദ്യം കുറച്ച് ആളുകളാണ് പ്രതിഷേധം തുടങ്ങിയതെങ്കിലും സമയം വൈകുംതോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. രാത്രിയായപ്പോഴേക്കും ഏകദേശം 2000 പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിഷേധം രൂക്ഷമായതോടെ, പൊലീസ് ബാരികേകഡുകൾ തകർക്കാൻ ശ്രമിക്കുകയും പൊലീസിനുനേരെ വെള്ളക്കുപ്പിയും മഷിയുമെറിയുകയായിരുന്നു. കൂടുതൽ പ്രതിഷേധം കാഴ്ചവെച്ചാൽ നിർബന്ധപൂർവം ഒഴിപ്പിക്കേണ്ടി വരുമെന് പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി.
നേരത്തെ, ലണ്ടനിലെ ഇന്ത്യൻ ഹൈ കമീഷന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ യു.കെയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹൈകമീഷന് യു.കെയിൽ സുരക്ഷ ഏർപ്പെടുത്താത്തതിന്റെ പ്രതിഷേധ സൂചകമായി ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമീഷന് സുരക്ഷക്കായി ഇന്ത്യൻ പൊലീസ് നിരത്തിയിരുന്ന ബാരിക്കേഡുകൾ എടുത്തുമാറ്റിയിരുന്നു. ഇതോടെയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് പ്രതിഷേധക്കാരിൽ നിന്ന് അധിക സുരക്ഷ യു.കെ പൊലീസ് ഏർപ്പാടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.