പ്രതിഷേധക്കാരുടെ അന്ത്യശാസനം; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു
text_fieldsധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥി പ്രതിഷേധക്കാരുടെ അന്ത്യശാസനത്തെ തുടർന്ന് ചീഫ് ജസ്റ്റിസ് രാജിവെച്ചു. പ്രതിഷേധക്കാർ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിൻ്റെയും വസതികൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ രാജിവെക്കാൻ തീരുമാനിച്ചതെന്ന് ‘ദ ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള സുപ്രീംകോടതിയിലേയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ചീഫ്ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ രാജിക്കത്ത് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് കോടതി ഫുൾ േകാടതി യോഗം വിളിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ പുതിയ പ്രതിഷേധം ആരംഭിച്ചത്. വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യുകയും കോടതി പരിസരം കൈയടക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ചീഫ് ജസ്റ്റിസായി നിയമിതനായ ഉബൈദുൽ ഹസൻ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിശ്വസ്തനായിരുന്നു. ചീഫ് ജസ്റ്റിസ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികളടങ്ങുന്ന പ്രതിഷേധക്കാർ ശനിയാഴ്ച രാവിലെ ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞിരുന്നു.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജി വെക്കുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.