പെൻഷൻ പ്രായ വർധനക്കെതിരെ ഫ്രാൻസിൽ പ്രക്ഷോഭം
text_fieldsപാരിസ്: പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ ഫ്രാൻസിൽ പ്രക്ഷോഭം. പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനം സമരക്കാർ തടസ്സപ്പെടുത്തി. ട്രെയിൻ സർവിസുകളും തടസ്സപ്പെട്ടു. ചില സ്കൂളുകൾ അടച്ചു. റോഡ് തടസ്സപ്പെടുത്തി കൂട്ടിയിട്ട മാലിന്യം കത്തിച്ച് തീയും പുകയും ഉയർന്നു. വൈദ്യുതി ഉൽപാദനം വെട്ടിക്കുറച്ചു. രാജ്യത്തുടനീളം പ്രതിഷേധറാലികൾ നടന്നു.
പ്രതിഷേധം വിമാനസർവിസുകളെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്താൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് രോഷം അണപൊട്ടാനിടയാക്കിയത്. ജനുവരി മുതൽ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സർക്കാർ പെൻഷൻ നിയമം പിൻവലിക്കണമെന്ന് ഫ്രാൻസിലെ ഏറ്റവും വലിയ യൂനിയനായ മോഡറേറ്റ് ഫ്രഞ്ച് ഡെമോക്രാറ്റിക് കോൺഫെഡറേഷൻ ഓഫ് ലേബർ തലവൻ ലോറന്റ് ബെർഗർ ബി.എഫ്.എം ടി.വിയോട് പറഞ്ഞു.
ശക്തമായ പ്രക്ഷോഭം നടക്കുന്നത് അംഗീകരിച്ച സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് തൊഴിൽമന്ത്രി ഒലിവിയർ ഡസോപ്റ്റ് പറഞ്ഞു. കമ്പനികൾ ലാഭത്തിൽനിന്ന് തൊഴിലാളികൾക്ക് വിഹിതം നൽകുന്നത് ഉൾപ്പെടെ സംഭാഷണങ്ങളിലൂടെ ധാരണയിലെത്താൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.