രാത്രി ആൺതുണയില്ലാതെ പുറത്തിറങ്ങിയതിനാലാണ് ബലാത്സംഗത്തിനിരയായതെന്ന് പൊലീസുകാരൻ; പ്രതിഷേധം
text_fieldsഇസ്ലാമാബാദ്: റോഡിൽ സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീയെ പഴിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം.
രാത്രിയിൽ ആൺതുണയില്ലാതെ യാത്ര ചെയ്തതിനാലാണ് സ്ത്രീക്ക് ദുർഗതി വന്നതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻെറ പരാമർശം. ഫ്രഞ്ച് പൗരയാണ് ലാഹോറിൻെറ പ്രാന്തപ്രദേശത്ത് ആക്രമണത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാഹോർ- സിയാൽകോട്ട് ഹൈവേയിൽ വ്യാഴാഴ്ച പുലർച്ചെ സ്ത്രീയുടെ കാർ ഇന്ധനം തീർന്ന് വഴിയരികിൽ കുടുങ്ങുകയായിരുന്നു. രണ്ട് കുട്ടികളുമായി ലാഹോറിൽ നിന്ന് ഗുജ്റൻവാലയിലേക്ക് മടങ്ങുകയായിരുന്നു അവർ.
സഹായത്തിനായി കാത്തിരുന്ന അവരെ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. ഗ്ലാസ് തകർത്ത് പുറത്തെത്തിച്ച അക്രമികൾ സമീപത്തെ പാടത്ത് എത്തിച്ച് കുട്ടികളുടെ മുന്നിൽവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിന് മൊഴി നൽകിയതായി 'ദ ഗാർഡിയൻ' റിപോർട്ട് ചെയ്യുന്നു.
ഇരയുടെ ആഭരണങ്ങൾ, പണം, മൂന്ന് എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കിയാണ് അക്രമികൾ കടന്നുകളഞ്ഞത്. അറസ്റ്റിലായ 15 പേരും അക്രമിസംഘത്തിൽ പെട്ടവരല്ലെന്ന് ബോധ്യമായതായി പൊലീസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
വെളളിയാഴ്ചയാണ് ലാഹോർ പൊലീസ് തലവൻ ഉമർ ശൈഖ് സ്ത്രീയെ രാത്രി ഒറ്റക്ക് യാത്ര ചെയ്തതിന് കുറ്റപ്പെടുത്തിയത്. വൈകിയ വേളയിൽ പാകിസ്താനി സമൂഹത്തിലെ ഒരാളും തൻെറ മകളെയോ സഹോദരിയെയോ ഒറ്റക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമർ ശൈഖിൻെറ പരാമർശം വിവാദമായതോടെ നിരവധി പേർ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഉമറിൻെറ പരാമർശം അംഗീരിക്കാനാവില്ലെന്ന് പ്രതികരിച്ചു. ബലാത്സംഗ കുറ്റകൃത്യത്തെ യുക്തിസഹമാക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുഖ്യപ്രതിപക്ഷമായ പാകിസ്താൻ മുസ്ലിം ലീഗ് (എൻ) ഉമറിൻെറ രാജി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പ്രതിപക്ഷ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ ചീഫ് സെനറ്റർ സർക്കാറിന് 48 മണിക്കൂർ സമയം അനുവദിച്ചതായി പി.ടി.ഐ റിപോർട്ട് ചെയ്തു.
ക്രൂരമായ ആക്രമണം അപലപിച്ച പ്രധാനമന്ത്രി ഇംറാൻ ഖാൻ കേസിനെ കുറിച്ച് പഠിക്കുകയാണെന്നും കുറ്റൃത്യത്തിൽ പങ്കുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദേശം നൽകിയതായും അറിയിച്ചു.
വിമർശനങ്ങൾക്കൊടുവിൽ പുതുതായി പണികഴിപ്പിച്ച ലാഹോർ- സിയാൽകോട്ട് ഹൈവേയിൽ പട്രോളിങ് ശക്തമാക്കാൻ പഞ്ചാബ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഇനാം ഖനി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.