പ്രസിഡന്റിന്റെ വസതിക്കു സമീപം നടന്ന പ്രതിഷേധം തീവ്രവാദം -ശ്രീലങ്ക
text_fieldsകൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ പ്രസിഡന്റിന്റെ വീടിനു സമീപം പ്രതിഷേധം നടത്തിയതിനെ അപലപിച്ച് സർക്കാർ. അക്രമാസക്ത പ്രതിഷേധം തീവ്രവാദമാണെന്നാരോപിച്ച സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തി.
വ്യാഴാഴ്ചയാണ് പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ജനം സംഘടിച്ചത്. രാജ്യം ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രോഷാകുലരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രസിഡന്റിന്റെ വസതിക്കു സമീപത്തെ സ്റ്റീൽ ബാരിക്കേഡുകൾ തള്ളിമാറ്റി ആളുകൾ അകത്തേക്കു കടക്കാനും ശ്രമിച്ചു.
തുടർന്ന് 50ലേറെ ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. വെള്ളിയാഴ്ച അഞ്ചുമണിയോടെ കർഫ്യൂ നീക്കിയതായും റിപ്പോർട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളായ സമാഗി ജന ബലവേഗയ, ജനത വിമുക്തി പെരമുന എന്നീ പാർട്ടികൾക്കാണ് അക്രമാസക്ത പ്രതിഷേധത്തിന്റെ ഉത്തരവാദിത്തമെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ കുറ്റപ്പെടുത്തി. ഇന്റലിജൻസിന്റെ വീഴ്ചയാണ് പ്രസിഡന്റിന്റെ ജീവൻപോലും അപകടത്തിലാക്കിയ പ്രതിഷേധത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി കെഹലിയ രാംബുകവെല്ല വിമർശിച്ചു.
ചരിത്രത്തിലിതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.വിദേശനാണ്യശേഖരം തീർന്നതാണ് രാജ്യത്ത് അവശ്യസാധനങ്ങളുടെയും എണ്ണയുടെയും വില കുതിച്ചുയരാൻ കാരണം. 13 മണിക്കൂർ പവർകട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.