ഇറാനിൽ പ്രതിഷേധം വ്യാപിക്കുന്നു; നിയന്ത്രിക്കാൻ സർക്കാർ ശ്രമം
text_fieldsതെഹ്റാൻ: ശിരോവസ്ത്ര നിയമം ലംഘിച്ചതിന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത കുർദ് യുവതിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 80ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ട്. മഹ്സ അമിനിയുടെ മരണം നിയന്ത്രണങ്ങളെച്ചൊല്ലി ഏറെനാളായി നിലനിന്ന രോഷത്തിന് ആക്കംകൂട്ടുകയായിരുന്നു. ഭരണകൂടത്തിനും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്കുമെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 26 ആയി. മഷാദ്, ഖുചാൻ, ഷിറാസ്, തബ്രിസ്, കരജ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാരെ നേരിടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാർ തെരുവുകളിൽ ശിരോവസ്ത്രവും കോം, ഇസ്ഫഹാൻ എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിൽ പരമോന്നത നേതാവിന്റെ ബാനറുകളും കത്തിച്ചു. 2020 ജനുവരിയിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട റെവലൂഷണറി ഗാർഡ് കമാൻഡർ ഖാസിം സുലൈമാനിയുടെ ജന്മനാടായ കെർമാനിൽ പ്രതിഷേധക്കാർ പോസ്റ്ററുകൾ കീറി കത്തിച്ചു. അതിനിടെ, മരണം അന്വേഷിക്കണമെന്നും മരണത്തിൽ ആശങ്കകൾ ഉന്നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടേത് കാപട്യമാണെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. രാജ്യ സുരക്ഷയെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും നിലവിലെ അസ്വസ്ഥത മുതലെടുക്കാനാണ് ഇറാന്റെ ശത്രുക്കൾ ആഗ്രഹിക്കുന്നതെന്നും ന്യൂയോർക്കിലെ യു.എൻ ജനറൽ പൊതുസഭയിൽ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ അദ്ദേഹം പറഞ്ഞതായി ബി.ബി.സി അറിയിച്ചു.
യസ്ദ് കൗണ്ടിയിലെ ഇസ്ലാമിക് ടി.വി ചാനലിലെ വനിതാ റിപ്പോർട്ടർ കാമറക്ക് മുന്നിൽ തന്റെ സ്കാർഫ് അഴിച്ചുമാറ്റി. പ്രതിഷേധത്തെ പിന്തുണച്ചതിനാൽ മറ്റൊരു ദേശീയ ടി.വി അവതാരകനെ ജോലിയിൽനിന്ന് പുറത്താക്കുകയും ഷോ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.അമിനിയുടെ മരണത്തിന് പിന്നാലെ സുരക്ഷാ സേനയുടെ ഭീഷണികൾ വകവെക്കാതെ കുർദിസ്ഥാനിലെ എല്ലാ നഗരങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും പണിമുടക്കി. രണ്ടു ദിവസത്തിന് ശേഷം തെഹ്റാനും സമരത്തിൽ ചേർന്നു.തെഹ്റാൻ, ഷാഹിദ് ബെഹെഷ്തി ഉൾപ്പെടെ സർവകലാശാല വിദ്യാർഥികളും തെരുവിലിറങ്ങി. തെഹ്റാൻ, ഖാജെ നാസിർ, ഷാഹിദ് ബെഹെഷ്തി സർവകലാശാലകൾ അടുത്ത ആഴ്ച മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി.
ഇന്റർനെറ്റ് ഇളവുമായി യു.എസ്
വാഷിങ്ടൺ: വ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ട് ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള ഉപരോധത്തിൽ ഇളവ് വരുത്താൻ ബൈഡൻ ഭരണകൂടം അനുമതി നൽകി. ഇറാനികളുടെ വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ പിന്തുണക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് യു.എസിന്റെ വാദം. രോഷം പ്രതിരോധിക്കാൻ ഇറാൻ അധികൃതർ രാജ്യത്ത് ഇന്റർനെറ്റിനും വാട്സ്ആപ്, ഇൻസ്റ്റഗ്രാം അടക്കമുള്ളവക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ, വിഡിയോ കോൺഫറൻസിങ്, ക്ലൗഡ് സേവനങ്ങൾ, ആന്റി സെൻസർഷിപ്പ് ടൂളുകൾ, അനുബന്ധ സോഫ്റ്റ്വെയറുകൾ എന്നിവയുടെ ഉപരോധമാണ് ഒഴിവാക്കിയത്. 2015ൽ ഇറാൻ ആണവ കരാറിൽനിന്ന് പിൻവാങ്ങിയതു മുതൽ ഇറാൻ കടുത്ത യു.എസ് ഉപരോധത്തിന് കീഴിലാണ്. പ്രസിഡന്റ് ജോ ബൈഡൻ ആണവ ഉടമ്പടിയിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ്. എന്നാൽ, കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.