അസ്ഥിരത ഒഴിവാക്കാൻ ഇസ്രായേലിനെ ശിക്ഷിക്കേണ്ടത് അനിവാര്യം -ഇറാൻ
text_fieldsതെഹ്റാൻ: മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, അസ്ഥിരത ഇല്ലാതാക്കാൻ ഇസ്രായേലിനെ ശിക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി. ഹമാസ് മേധാവിയും മുൻ ഫലസ്തീൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ്യയെ തങ്ങളുടെ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ച് ഇസ്രായേൽ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശം ഇറാൻ ഭരണകൂടത്തിൽ നിക്ഷിപ്തമാണ്. ഇത് ലംഘിച്ച ഇസ്രായേലിനെ അച്ചടക്കം പഠിപ്പിക്കാനും അവരുടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും തെഹ്റാന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഹിസ്ബുല്ലയും പരമാവധി 48 മണിക്കൂറിനകം ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ നേരത്തെ പറഞ്ഞിരുന്നു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ എന്നിവ ഉൾപ്പെടുന്ന ജി 7 അംഗങ്ങളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് യു.എസ് വാർത്താ സൈറ്റായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വ്യാപിക്കുന്നതിൽ ജി-7 രാജ്യങ്ങൾ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.