ആണവ പരീക്ഷണ നിരോധന ഉടമ്പടി: റഷ്യ പിൻവാങ്ങുന്നു
text_fieldsമോസ്കോ: ആണവപരീക്ഷണം വിലക്കുന്ന ആഗോള ഉടമ്പടിയിൽനിന്ന് റഷ്യ പിൻവാങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ബില്ലിൽ വ്യാഴാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചു. സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടിയിൽനിന്ന് (സി.ടി.ബി.ടി) പിൻവാങ്ങുന്നതിന് അനുകൂലമായി റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞമാസം വോട്ടുചെയ്തിരുന്നു.
ഇതുവരെ 187 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടുകയും 178 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. യു.എസ്, ചൈന, ഇന്ത്യ, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ഉത്തരകൊറിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഇതുവരെ സി.ടി.ബി.ടി അംഗീകരിച്ചിട്ടില്ല. 1996ൽ ഉടമ്പടി നിലവിൽവന്നശേഷം പത്തുതവണ മാത്രമേ ലോകത്ത് ആണവ പരീക്ഷണം നടന്നിട്ടുള്ളൂ. കഴിഞ്ഞ അഞ്ചുദശകങ്ങളിൽ 2000ത്തിലധികം പരീക്ഷണം നടന്ന സ്ഥാനത്താണിത്.
യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണയാണ് റഷ്യയുടെ പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഉടൻ ആണവപരീക്ഷണം നടത്തുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ അഭിപ്രായം രൂപവത്കരിച്ചിട്ടില്ലെന്നാണ് പുടിൻ പറയുന്നത്. മോസ്കോ ആണവപരീക്ഷണ നിരോധനത്തെ മാനിക്കുന്നത് തുടരുമെന്നും യു.എസ് നടത്തിയാലേ റഷ്യ ആണവപരീക്ഷണം പുനരാരംഭിക്കൂ എന്നും സെർജി ലാവ്റോവ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ആണവപരീക്ഷണം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് സോവിയറ്റ് യൂനിയൻ. സോവിയറ്റ് ആണവായുധങ്ങളുടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച റഷ്യ ഇതുവരെ ആണവപരീക്ഷണം നടത്തിയിട്ടില്ല. 5,977 ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യ ലോകത്തിലെ ഏറ്റവും ശക്തമായ അണുവായുധ രാജ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.