‘നവാൽനിയെ കൊലപ്പെടുത്തിയതുതന്നെ’; പുടിനെതിരെ വിരൽചൂണ്ടി ബന്ധുക്കൾ
text_fieldsമോസ്കോ: റഷ്യയിൽ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ പ്രസിഡന്റ് വ്ലാദ്മിർ പുടിന്റെ ഉത്തരവുപ്രകാരം വധിച്ചതുതന്നെയെന്ന് ബന്ധുക്കൾ ആരോപിച്ചു. 47കാരനായ നവാൽനിയെ പാർപ്പിച്ച ഉത്തര സൈബീരിയയിലെ ജയിലിൽ വീണു മരിച്ചെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് കഴിയുംവരെ മൃതദേഹം വിട്ടുനൽകില്ലെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിശദീകരണം. എന്നാൽ, അദ്ദേഹത്തെ വധിച്ചതാണെന്നും അടിയന്തരമായി മൃതദേഹം വിട്ടുനൽകണമെന്നും നവാൽനിയുടെ വക്താവ് കിറ യർമിഷ് ആവശ്യപ്പെട്ടു. വധത്തിൽ പുടിന് പങ്കുണ്ടെന്ന് നവാൽനിയുടെ ഭാര്യ യൂലിയ കുറ്റപ്പെടുത്തി. മാതാവും അഭിഭാഷകനും മൃതദേഹം സൂക്ഷിച്ചെന്നുപറഞ്ഞ മോർച്ചറിയിലെത്തിയെങ്കിലും അവിടെ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടുണ്ട്. പുടിനെതിരെ ശക്തമായി രംഗത്തുള്ള നവാൽനി രാജ്യദ്രോഹ, തട്ടിപ്പ് കേസുകളിൽ പതിറ്റാണ്ടുകൾ നീളുന്ന ശിക്ഷ വിധിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചുവരുകയായിരുന്നു.
സംഭവത്തിൽ രൂക്ഷവിമർശനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം നേതാക്കൾ രംഗത്തെത്തി. വിവിധ രാജ്യങ്ങളിലെ റഷ്യൻ എംബസികൾക്കു മുന്നിൽ പ്രതിഷേധ പരിപാടികൾ നടന്നു. റഷ്യയിൽ ഇതിന്റെ തുടർച്ചയായി 212 പേർ അറസ്റ്റിലായിട്ടുണ്ട്.
പതിറ്റാണ്ടു മുമ്പ് പുടിന്റെ അടുപ്പക്കാർ നടത്തുന്ന വൻ അഴിമതികൾ തുറന്നുകാട്ടിയാണ് നവാൽനി റഷ്യൻ രാഷ്ട്രീയത്തിൽ സജീവമായത്. 2015ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ക്രെംലിനു സമീപം വെടിയേറ്റു മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.