അലക്സി നവാൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി; കോമയിൽ നിന്ന് മോചിതനായി
text_fieldsബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വിമർശകനുമായ അലക്സി നവാൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം കോമയിൽ നിന്ന് മോചിതനായെന്നും വാക്കുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചികിത്സയിൽ കഴിയുന്ന ബെർലിൻ ചാരിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പാണ് യാത്രക്കിടെ വിമാനത്തിൽ വെച്ച് നവാൽനി കുഴഞ്ഞുവീണത്. ചായയിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റി. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞിരുന്നു. വിഷബാധയേറ്റ വിവരം ജര്‍മനി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യം റഷ്യ നിഷേധിച്ചിക്കുകയാണ്.
നവാൽനി വിഷയത്തിൽ റഷ്യയും ജർമനിയും ഇടഞ്ഞതോടെ ഇരുരാജ്യങ്ങളും പങ്കാളികളായി നടത്തുന്ന നോർഡ് സ്ട്രീം2 ഊർജ പൈപ് ലൈൻ പദ്ധതിയുടെ ഭാവിയും സംശയത്തിലായിരിക്കുകയാണ്. ജർമനി പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നൊവിചോക് എന്ന രാസവിഷ പദാർഥമാണ് നവാൽനിക്ക് നൽകിയതെന്ന് ബ്രിട്ടൺ ആരോപിച്ചിരുന്നു. ആന്തരിക പരിശോധനയിൽ ഇക്കാര്യം ജർമനി സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയൻ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ജർമനി ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.