ഷി ജിൻപിങ്ങുമായി പുടിൻ ചർച്ച നടത്തി
text_fieldsബെയ്ജിങ്: ചൈനീസ് സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തി. കൂടുതൽ സൂക്ഷ്മമായ വിദേശനയ ഏകോപനത്തിന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, തായ്‍വാനെതിരായ ചൈനയുടെ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദേശ നയത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഏകോപന സമീപനം വേണമെന്ന ആവശ്യമുയർന്നത്.
ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാര സഹകരണത്തെക്കുറിച്ചും ഷി ജിൻപിങ്ങിന്റെ അഭിമാന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ഏഷ്യയിലും മിഡിലീസ്റ്റിലും റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയവ നിർമിച്ചിട്ടുണ്ട്.
ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്ന് പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഈ വർഷം 20,000 കോടി ഡോളർ കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഓയിലിന്റെയും വാതകത്തിന്റെയും പ്രധാന ഉപഭോക്താക്കളിൽ ഒന്നാണ് ചൈന. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യക്ക് ആശ്വാസമായതും ചൈന എണ്ണ വാങ്ങാൻ സന്നദ്ധമായതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.