നവാൽനിയുടെ മരണത്തിന് ഉത്തരവാദി പുടിൻ -ബൈഡൻ
text_fieldsവാഷിങ്ടൺ: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രസിഡന്റ് വ്ലാദിമിർ പുടിനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 'നവാൽനിയുടെ മരണത്തിൽ ഒട്ടും അദ്ഭുതം തോന്നുന്നില്ല. അഴിമതിക്കെതിരെയും പുടിൻ ഭരണകൂടത്തിന്റെ എല്ലാതരത്തിലുള്ള അക്രമങ്ങൾക്കെതിരെയും പോരാട്ടം നയിച്ച വ്യക്തിയായിരുന്നു നവാൽനി. അദ്ദേഹത്തിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം പുടിനാണ്.'-ബൈഡൻ പറഞ്ഞു. വൈറ്റ്ഹൗസ് നവാൽനിയുടെ മരണത്തെ കുറിച്ച് വിവരങ്ങൾ തേടിയിരുന്നു. നവാൽനിയുടെ മരണത്തോടെ യു.എസ്-റഷ്യ ബന്ധം കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയാണ് അലക്സി നവാൽനി മരണപ്പെട്ട വിവരം പുറത്തുവന്നത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയിൽ അധികൃതർ പറഞ്ഞു.
തന്റെ രാഷ്ട്രീയ സംഘടനകൾക്ക് ലഭിച്ച സംഭാവനകളിൽനിന്ന് 4.7 മില്യൺ ഡോളർ അപഹരിച്ചുവെന്ന കുറ്റത്തിന് 2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ഒമ്പത് വർഷം ജയിൽ ശിക്ഷക്ക് വിധിച്ചത്. ഒരു ഭീകര സംഘടനക്ക് രൂപംനൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷം ആഗസ്റ്റിൽ 19 വർഷത്തെ അധിക ജയിൽവാസംകൂടി വിധിച്ചു.
എന്നാൽ, ആരോപണം നവാൽനി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹത്തെ സൈബീരിയയിലെ യമാലോ-നെനെറ്റ്സ് മേഖലയിലുള്ള പീനൽ കോളനിയിലേക്ക് മാറ്റിയത്. നവാൽനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. പുടിൻ സർക്കാരിലെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയും പരിഷ്കരണത്തിനായി വാദിച്ചുമാണ് റഷ്യൻ, യുക്രേനിയൻ വംശജനായ നവാൽനി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. ‘വ്ലാദിമിർ പുടിൻ ഏറ്റവും ഭയപ്പെടുന്ന മനുഷ്യൻ’ എന്നാണ് വാൾസ്ട്രീറ്റ് ജേണൽ നവാൽനിയെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.