സോവിയറ്റ് പതനത്തിന് ശേഷം ടാക്സി ഓടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിവന്നുവെന്ന് പുടിൻ
text_fieldsസോവിയറ്റ് യൂണിയന്‍റെ പതനം 30 വർഷത്തിനിപ്പുറവും ഭൂരിഭാഗം ജനങ്ങൾക്കിടയിലും ഒരു ദുരന്തമായി അവശേഷിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ചരിത്രപരമായ റഷ്യയുടെ അന്ത്യമായിരുന്നു സോവിയറ്റ് തകർച്ച. അതിന് പിന്നാലെ, താൻ ടാക്സി ഓടിച്ചാണ് ജീവിതം മുന്നോട്ടു നയിച്ചതെന്നും പുടിൻ പറഞ്ഞു. ചാനൽ വൺ പുറത്തിറക്കുന്ന ഡോക്യുമെന്‍ററിയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ റിയ നൊവോസ്റ്റിയാണ് പുടിന്‍റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്.
സോവിയറ്റ് യൂണിയൻ തകർന്ന കാലത്ത് എല്ലാവരും നിരാശയിലായിരുന്നു. എനിക്ക് അധിക വരുമാനം കണ്ടെത്തേണ്ടിവന്നു. സ്വകാര്യ കാർ ഡ്രൈവറായാണ് വരുമാനം കണ്ടെത്തിയത്. അക്കാലത്തെ കുറിച്ച് സംസാരിക്കുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. എന്നാൽ അതാണ് യാഥാർഥ്യം -പുടിൻ പറഞ്ഞു.
സോവിയറ്റ് യൂണിയൻ തകർന്നപ്പോഴുണ്ടായ സാമ്പത്തികാഘാതം പലരെയും മറ്റ് വരുമാന മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കി. മുമ്പ് പല ഉന്നത ജോലികളും ചെയ്തിരുന്നവർക്ക് പോലും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തെരുവുകച്ചവടത്തിനിറങ്ങുകയോ ഡ്രൈവറായി ജോലിചെയ്യേണ്ടിവരികയോ ആവശ്യമായി വന്നു. അന്ന് ലൈസൻസുള്ള ടാക്സികൾ റഷ്യയിൽ കുറവായിരുന്നു. വാഹനങ്ങളുള്ള മിക്ക ആളുകളും കള്ളടാക്സിയായി സർവിസ് നടത്തിയിരുന്നു -പുടിൻ പറഞ്ഞു.
സോവിയറ്റ് യൂണിയന്‍റെ തകർച്ചയിൽ പുടിൻ മുമ്പും ദു:ഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്. 1991ലായിരുന്നു സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.