ഉത്തരകൊറിയക്ക് ആയുധങ്ങൾ നൽകുമെന്ന് പുടിൻ
text_fieldsമോസ്കോ: ഉത്തരകൊറിയക്ക് ആയുധങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. വിയറ്റ്നാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയക്ക് ആയുധങ്ങൾ നൽകിയേക്കുമെന്ന കാര്യം പുടിൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയ സന്ദർശിച്ച പുടിൻ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ആശങ്കയോടെയാണ് പാശ്ചാത്യലോകം കാണുന്നത്. ഉത്തരകൊറിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ ആശങ്കയുമായി നേരത്തെ തന്നെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാകുന്നത്.
ഉത്തരകൊറിയ ഉൾപ്പടെ ലോകത്തിന്റെ വിവിധ മേഖലകളിൽ ആയുധങ്ങൾ വിതരണം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. കരാറുകൾ നിലനിൽക്കുന്നതിനാൽ ഉത്തരകൊറിയയെ മാത്രം ഇതിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പുടിൻ പറഞ്ഞു.
യുക്രെയ്ന് ആയുധങ്ങൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിലൂടെ വലിയൊരു തെറ്റ് ചെയ്യുകയാണ് ദക്ഷിണകൊറിയയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം നീക്കങ്ങളിൽ ദക്ഷിണകൊറിയയെ വേദനിപ്പിക്കുന്ന രീതിയിലായിരിക്കും റഷ്യയുടെ പ്രതികരണം. ആയുധങ്ങൾ ദക്ഷിണകൊറിയ നൽകില്ലെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു.
അതേസമയം, ഉത്തരകൊറിയയും റഷ്യയും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാറിനെതിരെ ദക്ഷിണ കൊറിയ രംഗത്തെത്തി. കരാറിന്റെ പശ്ചാത്തലത്തിൽ, റഷ്യൻ അധിനിവേശം ചെറുക്കാൻ യുക്രെയ്നിന് ആയുധം നൽകുന്ന കാര്യം പരിഗണിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
യുക്രെയ്നിന് മാനുഷിക സഹായം നൽകിവരുന്ന ദക്ഷിണ കൊറിയ ഇതുവരെ ആയുധങ്ങൾ നൽകിയിട്ടില്ല. സജീവമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ആയുധം നൽകരുതെന്ന നയത്തിന്റെ ഭാഗമായാണിത്. എന്നാൽ, കരാർ രാജ്യ സുരക്ഷക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയ നയം പുനഃപരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.