വാഗ്നർ കൂലിപ്പട്ടാളം നിലവിലില്ലെന്ന് പുടിൻ
text_fieldsമോസ്‌കോ: വാഗ്നർ കൂലിപ്പട്ടാളം നിലവിലില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നിയമ പിൻബലമില്ലാതെയാണ് വാഗ്നർ സംഘം പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സൈനിക സംഘടനകൾ സംബന്ധിച്ച് നിയമങ്ങളൊന്നും നിലവിലില്ല. സ്വകാര്യ സൈനിക കരാറുകാരുടെ പ്രശ്നം സർക്കാറും പാർലമെന്റും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ബിസിനസ് ദിനപത്രമായ ‘കൊമ്മേഴ്‌സന്റി’നോടാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
വാഗ്നർ കൂലിപ്പടയാളികൾക്ക് അതേ ഉദ്യോഗസ്ഥന്റെ കീഴിൽ ഒറ്റ യൂനിറ്റായി തുടരാനുള്ള അവസരം വാഗ്ദാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മാസം വാഗ്നർ സംഘം അട്ടിമറിനീക്കം ഇടക്ക് നിർത്തിവെച്ചതിന് അഞ്ചു ദിവസത്തിനുശേഷം അവരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വാഗ്ദാനം മുന്നോട്ടുവെച്ചത്. ജൂൺ 29ന് ഗ്രൂപ്പിന്റെ ചീഫ് യെവ്ജെനി പ്രിഗോഷിൻ ഉൾപ്പെടെ 35 വാഗ്നർ കമാൻഡർമാർ ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഭാവി സേവനത്തിനായി അവർക്ക് വിവിധ ബദലുകൾ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. 16 മാസമായി യുക്രെയ്‌നിലെ സൈനിക കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രേ ഹെയർ എന്ന് വിളിക്കുന്ന അതേ കമാൻഡറുടെ കീഴിൽ വാഗ്നർ സംഘത്തിലെ എല്ലാവർക്കും ഒരിടത്ത് സേവനമനുഷ്ഠിക്കാമെന്നായിരുന്നു ഒരു വാഗ്ദാനം. തന്റെ നിർദേശത്തിന് പല വാഗ്നർ കമാൻഡർമാരും സമ്മതപൂർവം തലയാട്ടി.
എന്നാൽ, മുന്നിൽ ഇരുന്ന പ്രിഗോഷിൻ ഇതുകാണാതെ വാഗ്ദാനം നിരസിച്ചു. ‘കുട്ടികൾ അത്തരമൊരു തീരുമാനത്തോട് യോജിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, വാഗ്നർ കമാൻഡർമാർ എന്ത് നിർദേശമാണ് സ്വീകരിച്ചതെന്ന് പുടിൻ വെളിപ്പെടുത്തിയില്ല. റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിടണോ അയൽരാജ്യമായ ബെലറൂസിലേക്ക് മാറണോ അതോ സർവിസിൽനിന്ന് വിരമിക്കണോ എന്ന് വാഗ്നർ സൈനികർ തീരുമാനിക്കേണ്ടതുണ്ടെന്ന് പുടിൻ മുമ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.