യുക്രെയ്നിലെ കൂട്ടക്കുഴിമാടം: പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണം -യൂറോപ്യൻ യൂനിയൻ
text_fieldsയുക്രെയ്നിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവത്തിൽ യുദ്ധക്കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ കർശനമായി ശിക്ഷിക്കണമെന്നും യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ചുമതല വഹിക്കുന്ന ചെക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാൻ ലിപാവ്സ്കി ആവശ്യപ്പെട്ടു.
യുക്രെയ്ൻ പ്രത്യാക്രമണത്തെ തുടർന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയ ഇസിയം മേഖലയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ പറയുന്നു. വനമേഖലയിൽ കൂടുതൽ ഉണ്ടാകാമെന്ന് കരുതുന്നു.
21ാം നൂറ്റാണ്ടിൽ സിവിലിയൻമാർക്കെതിരായ ആക്രമണം ചിന്തിക്കാനും അംഗീകരിക്കാനും കഴിയാത്തതാണ്. പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണൽ രൂപവത്കരിച്ച് അന്വേഷണം നടത്തി വസ്തുത കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ജാൻ ലിപാവ്സ്കി പറഞ്ഞു.
അതിനിടെ പൊതുജനങ്ങളെ പീഡിപ്പിച്ചതിന്റെ പുതിയ തെളിവ് കണ്ടെത്തിയിട്ടുണ്ടെന്നും ഖാർകിവ് മേഖലയിൽ പത്തിലേറെ മർദന കേന്ദ്രങ്ങൾ കണ്ടെത്തിയതായും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആരോപിച്ചു. നേരത്തെ യൂറോപ്യൻ യൂനിയൻ കമീഷൻ മേധാവി ഉർസുല വോൻഡെർ ലെയനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പാകെ വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. റഷ്യ പൊതുജനങ്ങൾക്ക് നേരെ വ്യാപക ആക്രമണം നടത്തുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും ആരോപിച്ചു. നേരത്തെ സിവിലിയൻമാർക്കെതിരായ ആക്രമണം നിഷേധിച്ച റഷ്യ ഇസിയം, ഖാർകിവ് മേഖലയിലെ കൂട്ടക്കുഴിമാടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. യുക്രെയ്നിന്റെ പ്രത്യാക്രമണം റഷ്യൻ സൈന്യത്തിന്റെ പദ്ധതിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.