യുക്രെയ്‌ന് ആയുധങ്ങൾ നൽകുന്നതിൽ ഫ്രാൻസിനും ജർമ്മനിക്കും മുന്നറിയുപ്പുമായി പുടിൻ
text_fieldsമോസ്കോ: യുക്രേനിയൻ തുറമുഖങ്ങളിൽ കുടുങ്ങി കിടക്കുന്ന ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് സഹായിക്കാൻ റഷ്യ തയാറാണെന്ന് ഫ്രാൻസിനോടും ജർമ്മനിയോടും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. പകരം റഷ്യക്ക് മേൽ ചുമത്തിയിട്ടുള്ള ഉപരോധം പിൻവലിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനും യുക്രെയ്നിലെ ആയുധ വിതരണം വർധിപ്പിക്കുന്നതിനെതിരെ പുടിൻ മുന്നറിയിപ്പ് നൽകി. ആയുധ വിതരണം വർധിപ്പിച്ചാൽ അത് സാഹചര്യം കൂടുതൽ വഷളാക്കുമെന്നും പുടിൻ പറഞ്ഞു. ചർച്ചകൾ 80 മിനിറ്റോളം നീണ്ടു നിന്നതായി ജർമ്മൻ ചാൻസലറുടെ ഓഫീസ് അറിയിച്ചു.
പാശ്ചാത്യ രാജ്യങ്ങളുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ലോക വിപണികളിലേക്ക് ധാന്യം വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് പുടിൻ പറഞ്ഞു.
റഷ്യൻ രാസവളങ്ങളുടെയും കാർഷിക ഉൽപന്നങ്ങളുടെയും വിതരണത്തിലെ വർധനവ് ആഗോള ഭക്ഷ്യ വിപണിയിലെ പിരിമുറുക്കം കുറക്കാൻ സഹായിക്കും. അതിനാൽ റഷ്യക്ക് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്- പുടിൻ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധവും തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധവും ഇരു രാജ്യങ്ങളിൽ നിന്നുള്ള വളം, ഗോതമ്പ് മറ്റ് ചരക്കുകൾ എന്നിവയുടെ വിതരണം തടസ്സപ്പെടുത്തി. ഇത് ലോകത്ത് ക്ഷാമത്തിനും പട്ടിണിക്കും കാരണമാകുമെന്ന ആശങ്കകൾ വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.