യുക്രെയ്ൻ സമാധാന നിർദേശം പുടിനും ഷിയും ചർച്ച ചെയ്തതായി റഷ്യ
text_fieldsമോസ്കോ/കിയവ്: യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനും യുക്രെയ്നിനായുള്ള ചൈനയുടെ സമാധാന പദ്ധതി ചർച്ച ചെയ്തതായി റഷ്യ. അതേസമയം, തിങ്കളാഴ്ച രാത്രി നടത്തിയ നാലുമണിക്കൂർ നീണ്ട ചർച്ചകളുടെ വിശദാംശങ്ങൾ നൽകാൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു.
ഇരുനേതാക്കളും സമഗ്രമായ വീക്ഷണങ്ങൾ പങ്കുവെച്ചതായി അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചൈനയുടെ 12 ഇന സമാധാന നിർദേശവും ചർച്ചയിൽ വിഷയമായതായി അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ വിമർശിക്കുന്നുണ്ട്. ചൊവ്വാഴ്ച റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനുമായുള്ള കൂടിക്കാഴ്ചയിൽ ഈ വർഷം ഏതെങ്കിലും ഘട്ടത്തിൽ ചൈന സന്ദർശിക്കാൻ പുടിനെ ക്ഷണിച്ചതായി ഷി പറഞ്ഞു.
യുക്രെയ്‌നിൽ നടന്ന അതിക്രമങ്ങൾക്ക് റഷ്യ ഉത്തരവാദിയല്ലെന്ന നിലപാടാണ് ചൈനക്കുള്ളതെന്നാണ് ഷിയുടെ സന്ദർശനം സൂചിപ്പിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അതിനിടെ ഷി മൂന്ന് ദിവസ സന്ദർശനത്തിനായി റഷ്യയിൽ എത്തി മണിക്കൂറുകൾക്ക് ശേഷം ചൊവ്വാഴ്ച അപ്രതീക്ഷിത സന്ദർശനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കിയവിലെത്തി. മേയിൽ ജി സെവൻ ഉച്ചകോടിയിൽ അധ്യക്ഷനാകേണ്ട കിഷിദ യുക്രെയ്ൻ തലസ്ഥാനത്ത് പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച രാവിലെ ടോക്കിയോയിലേക്ക് മടങ്ങുന്നതിന് മുമ്പ് പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ക്രിമിയയുടെ വടക്കുഭാഗത്ത് റെയിൽ മാർഗം കടത്തുകയായിരുന്ന റഷ്യൻ കാലിബർ-എൻ.കെ. ക്രൂസ് മിസൈലുകൾ സ്ഫോടനത്തിൽ നശിപ്പിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ യുക്രെനിയൻ നഗരങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ കാലിബർ മിസൈലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ആക്രമണം സ്ഥിരീകരിച്ചാൽ 2014ൽ റഷ്യയോട് കൂട്ടിച്ചേർത്ത ക്രിമിയയിൽ യുക്രെയ്ൻ സൈന്യം നടത്തുന്ന അപൂർവ കടന്നുകയറ്റമായിരിക്കുമിതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.