കാമുകിയിലൂടെ പുടിനെ കുടുക്കാൻ യു.എസ്; അലീന കബേവക്ക് ഉപരോധം ഏർപ്പെടുത്തി
text_fieldsയുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ വിവിധങ്ങളായ ഉപരോധം റഷ്യക്കുമേൽ യു.എസ് ആരംഭിച്ചിരുന്നു. എന്നാൽ, അതിലൊന്നും കുടുങ്ങാതെ യുദ്ധം തുടരുകയാണ് റഷ്യൻ മേധാവി പുടിൻ. യു.എസിന്റെ ഉപരോധങ്ങൾ ഒന്നും തന്നെ റഷ്യയുടെയും പുടിന്റെയും അടുത്ത് വിലപ്പോയതുമില്ല. ഒടുവിൽ പുടിന്റെ കാമുകിക്ക് തന്നെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. യു.എസ് ഗവൺമെന്റിന്റെ ട്രഷറി വകുപ്പിന്റെ ഉപരോധത്തിനാണ്
വ്ലാദിമിർ പുടിന്റെ കാമുകി വിധേയയായിരിക്കുന്നത്. 39കാരിയായ അലീന കബേവയാണ് പുടിന്റെ കാമുകി. യു.എസിലെ അലീനയുടെ ഏതെങ്കിലും ആസ്തികൾ മരവിപ്പിക്കുകയും അമേരിക്കക്കാരെ അവരുമായി ഇടപഴകുന്നതിൽ നിന്ന് പൊതുവെ വിലക്കുകയും ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന റിഥമിക് ജിംനാസ്റ്റാണ് അലീന. റഷ്യയിൽനിന്നുള്ള ആരും ഉപരോധത്തിൽ നിന്ന് സുരക്ഷിതരല്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞതിന് മൂന്ന് മാസത്തിന് ശേഷമാണ് ഈ നീക്കം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ കമ്പനിയായ റഷ്യയുടെ ന്യൂ മീഡിയ ഗ്രൂപ്പിന്റെ ചെയർപേഴ്‌സനാണ് കബേവ. ഫെബ്രുവരിയിൽ യുക്രെയ്ൻ ആക്രമിക്കാനുള്ള തീരുമാനത്തിന് റഷ്യൻ പ്രസിഡന്റിനെ ശിക്ഷിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ പുടിന്റെ സഹകാരികൾക്കും പ്രിയപ്പെട്ടവർക്കും സാമ്പത്തിക പിഴ ചുമത്തിയിരുന്നു. യുക്രെയിനിനെ സഹായിക്കാൻ കോടിക്കണക്കിന് ഡോളർ ആയുധങ്ങളും മറ്റ് വിഭവങ്ങളും നൽകിയിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ പേരിൽ റഷ്യയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ യു. എസ് ഒഴിവാക്കി.
വിവാഹമോചിതയായ പുടിന് കബേവയുമായി പ്രണയബന്ധമുണ്ടെന്ന വാർത്തകൾ റഷ്യ നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അലീന പുടിന്റെ കുട്ടികളുടെ അമ്മയാണെന്നാണ്. 2008ൽ, പുടിനും കബേവയും വിവാഹിതരായി എന്ന് വാർത്ത നൽകിയ ഒരു പത്രം അടച്ചുപൂട്ടിയിരുന്നു.
ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ കബേവ 2004ൽ ഏതൻസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്നു. 2014ൽ നാഷനൽ മീഡിയ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് അവർ പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയിൽ നിയമനിർമ്മാതാവായി ആറ് വർഷത്തിലധികം ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.