'ക്യുഅനോൺ' സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ വിജയിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.
ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്‍റെ അനുകൂലികളെയും പരോക്ഷമായി പിന്തുണക്കുന്ന തീവ്ര വലതുപക്ഷ സംഘമാണ് 'ക്യുഅനോൺ' എന്ന് അറിയപ്പെടുന്നത്. ട്രംപിനെതിരെ ചിലർ രഹസ്യ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഈ സംഘത്തിന്‍റെ ആരോപണം.
'ക്യു' എന്ന പേരിലുള്ള അമേരിക്കൻ പൗരന്‍റേതെന്ന് തോന്നിപ്പിക്കുന്ന അജ്ഞാതന്‍റെ കുറിപ്പ് 2017 ഒക്ടോബറിലാണ് പുറത്തുവന്നത്. ഉയർന്ന റാങ്കിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്നും ട്രംപിനെതിരെ നടക്കുന്ന ഉപജാപങ്ങളെ തകർക്കാനുള്ള അദ്ദേഹത്തിന്‍റെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും അജ്ഞാതൻ പറയുന്നു.
ക്യുഅനോൺ ഒരു വ്യക്തിയോ സംഘമോ ആകാമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഈ ഗൂഢാലോചന സിദ്ധാന്തങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ട്രംപിന്‍റെ വിശദീകരണം. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി 800 ക്യൂഅനോൺ ഗ്രൂപ്പുകളെ ഫേസ്ബുക്കും ട്വിറ്ററും നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.