ഗസ്സ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപക്ഷേിച്ചിട്ടില്ല; ഇരു കക്ഷികളും ആത്മാർത്ഥമായി സമീപിച്ചാൽ തുടരും -ഖത്തർ
text_fieldsദോഹ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചകളിൽ നിന്നും ഖത്തർ പിൻവാങ്ങിയെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. ഇസ്രായേലും ഹമാസും തമ്മിലെ മധ്യസ്ഥ ശ്രമങ്ങൾ താൽകാലികമായി തടസ്സപ്പെട്ടു നിൽക്കുകയാണെങ്കിലും ഇരു കക്ഷികളും ആത്മാർഥമായി സന്നദ്ധത അറിയിച്ചാൽ ചർച്ചകൾ തുടരുമെന്നും ഖത്തർവിദേശകര്യ വക്താവ് മാജിദ് അൽ അൻസാരി ശനിയാഴ്ച രാത്രിയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മധ്യസ്ഥ ദൗത്യത്തിൽ നിന്നു ഖത്തർ പിൻവാങ്ങുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഖത്തർ വ്യക്തത വരുത്തി രംഗത്തെത്തിയത്.
വെടിനിർത്തൽ സാധ്യമാക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ പത്തു ദിവസം മുമ്പു നടന്ന ചർച്ചയിൽ ഇരു കക്ഷികളും കരാറിൽ എത്തിയില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചകൾ തുടരുമെന്ന് വ്യക്തമാക്കുകയാണ് ഖത്തർ.
ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഗസ്സയിൽ താൽകാലിക വെടിനിർത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിർണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
ഹമാസ് ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവെന്ന തലത്തിലായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്തകൾ നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചത് മുതൽ വെടിനിർത്തൽ സാധ്യമാക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുമായി അമേരിക്കക്കൊപ്പം സജീവമായ രംഗത്തുള്ള രാജ്യമാണ് ഖത്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.