ഗസ്സ വെടിനിർത്തൽ ചർച്ച വീണ്ടും; ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും സജീവമാക്കി ദോഹയിൽ ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച.
ശനിയാഴ്ചയാണ് ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തിയത്.
14 മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കുന്നതും സംബന്ധിച്ച് ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും ചർച്ച ചെയ്തു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ചും ഗസ്സയിലെ നിലവിലെ സ്ഥിതിഗതികളും ഇരുവരും സമഗ്രമായി ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരിടവേളക്ക് ശേഷം ഗസ്സയിലെ വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് ഹമാസ് സംഘത്തിന്റെ ദോഹ സന്ദർശനവും കൂടിക്കാഴ്ചയും. വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചതായി ഡിസംബർ ആദ്യ വാരത്തിൽ ഹമാസ് പൊളിറ്റികൽ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സാം നയീം ഇസ്താബൂളിൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ആഗസ്റ്റിൽ ദോഹയിലും കൈറോയിലുമായി നടന്ന ചർച്ചകൾ ലക്ഷ്യം കാണാതായതോടെ ഒക്ടോബർ അവസാനവാരത്തോടെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഖത്തർ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇരു വിഭാഗത്തിന്റെയും ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം താൽക്കാലിമായി അന്ന് പിൻവാങ്ങിയത്. എന്നാൽ, അമേരിക്കയുടെ കൂടി ഇടപെടൽ മധ്യസ്ഥ ചർച്ചകളെ വീണ്ടും സജീവമാക്കുകയാണ്. ബന്ദികളുടെ മോചനത്തിന് ബദലായി ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റവും ശാശ്വത വെടിനിർത്തലുമായിരുന്നു ഹമാസ് നേരത്തെ മുന്നോട്ടുവെച്ച നിർദേശം.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മധ്യസ്ഥ ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതായി ഈ മാസാദ്യം നടന്ന ദോഹ ഫോറത്തിനിടെ ഖത്തർ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിയുക്ത യു.എസ് പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ പ്രതിനിധിയുടെ നേതൃത്വത്തിൽ നിർണായക ഇടപെടലുകളും ഇതിനകം നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.