ഗസ്സ: വെടിനിർത്തൽ ചർച്ച നടക്കുന്നതായി ഖത്തർ
text_fieldsഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ദീർഘകാല സമാധാനം സ്ഥാപിക്കാനുമായി ചർച്ച നടക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബർനീ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ കൂടിക്കാഴ്ച നടത്തി.
മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കരയുദ്ധത്തിൽ കനത്ത തിരിച്ചടിയും നേരിടുന്നു. എങ്ങനെയും ബാക്കി ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾക്ക് അവർ തയാറായതിന് ഇതും കാരണമായി വിലയിരുത്തുന്നു.
അതിനിടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പോരാട്ടം നടക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിലാണ് ഇസ്രായേൽ ശനിയാഴ്ച ശക്തമായ ആക്രമണം നടത്തിയത്. ഖാൻ യൂനുസിൽ വീട് തകർക്കപ്പെട്ടവർ താമസിച്ചിരുന്ന തമ്പുകളും ശനിയാഴ്ച ഇസ്രായേൽ നശിപ്പിച്ചു. വടക്കൻ ഗസ്സയുടെ വിവിധ ഭാഗങ്ങളിലും ഹമാസും ഇസ്രായേൽ സൈന്യവും ഏറ്റുമുട്ടുന്നു.
ഭക്ഷണവും വെള്ളവും ഇല്ലാതെയും ചികിത്സ ലഭിക്കാതെയും ഗസ്സയിലെ ജനങ്ങൾ ദുരിതാവസ്ഥയിലാണ്. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികളിലേക്ക് മരുന്നും അവശ്യവസ്തുക്കളും എത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.