നെതന്യാഹുവിന്റെ വിവാദ പരാമർശത്തിനെതിരെ ഖത്തർ: ‘മധ്യസ്ഥ പ്രക്രിയയെ നെതന്യാഹു തുരങ്കം വെക്കുന്നു’
text_fieldsദോഹ: കഴിഞ്ഞ തവണ ബന്ദിമോചനത്തിൽ നിർണായക പങ്കുവഹിച്ച ഖത്തറിനെ അധിക്ഷേപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ നടപടി വിവാദമാകുന്നു. ഹമാസ് പിടിയിലുള്ള ബാക്കി ബന്ദികളുടെ മോചനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഖത്തർ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ഇസ്രയേലിനും ഹമാസിനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണെന്നായിരുന്നു ബന്ദികളുടെ കുടുംബങ്ങളോട് നെതന്യാഹു പറഞ്ഞത്. ‘എന്റെ കാഴ്ചപ്പാടിൽ, ഐക്യരാഷ്ട്രസഭയെയും റെഡ് ക്രോസിനെയും പോലെയാണ് ഖത്തറും. എന്നുമാത്രമല്ല, ഖത്തർ അവരേക്കാൾ കൂടുതൽ പ്രശ്‌നക്കാരാണ്’ എന്നാണ് ചാനൽ 12 പുറത്തുവിട്ട നെതന്യാഹുവിന്റെ സംഭാഷണത്തിലുള്ളത്. ഹമാസ് നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനുമേൽ അമേരിക്ക കൂടുതൽ സമ്മർദ്ദം ചെലുത്താത്തതിൽ നെതന്യാഹു നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
“എനിക്ക് ഖത്തറിനെകുറിച്ച് മിഥ്യാധാരണകളൊന്നുമില്ല. അവർക്ക് ഹമാസിനുമേൽ സ്വാധീനമുണ്ട്... കാരണം ഖത്തർ അവർക്ക് ഫണ്ട് നൽകുന്നു. ഖത്തറിലെ യുഎസ് സൈനിക സാന്നിധ്യം 10 വർഷത്തേക്ക് കൂടി നീട്ടാനുള്ള കരാർ പുതുക്കിയതിന് എനിക്ക് അമേരിക്കയോട് അടുത്തിടെ ദേഷ്യം തോന്നി” -എന്നും നെതന്യാഹു പറയുന്നുണ്ട്.
പരാമർശങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി, നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഈ പ്രസ്താവന വിഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. ‘നിരുത്തരവാദപരവും വിനാശകരവുമായ പ്രസ്താവനയാണിത്. എന്നാൽ, (നെതന്യാഹു) ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനില്ല” -അദ്ദേഹം ട്വീറ്റ് ചെയ്തു.
We are appalled by the alleged remarks attributed to the Israeli Prime Minister in various media reports about Qatar’s mediation role. These remarks if validated, are irresponsible and destructive to the efforts to save innocent lives, but are not surprising.
— د. ماجد محمد الأنصاري Dr. Majed Al Ansari (@majedalansari) January 24, 2024
For months, and…
‘(ചാനൽ 12 പുറത്തുവിട്ട) പരാമർശങ്ങൾ ശരിയാണെങ്കിൽ ഇസ്രായേലി ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനുപകരം തന്റെ രാഷ്ട്രീയ നേട്ടത്തിന് മുൻഗണന നൽകുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ചെയ്യുന്നത്. ഇതിനായി മധ്യസ്ഥ പ്രക്രിയയെ (നെതന്യാഹു) തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയും ചെയ്യുന്നു" -മജീദ് അൽ അൻസാരി എഴുതി.
‘നൂറിലധികം ബന്ദികളെ വിജയകരമായി മോചിപ്പിച്ചതിന് പിന്നാലെ ബാക്കിയുള്ള ബന്ദികളുടെ മോചനത്തിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും ഉടമ്പടി ഉണ്ടാക്കാൻ മാസങ്ങളായി ഇസ്രായേൽ ഉൾപ്പെടെയുള്ള കക്ഷികളുമായി ഖത്തർ നിരന്തര ചർച്ചയിലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങൾ ശരിയാണെങ്കിൽ, ഇസ്രായേൽ പ്രധാനമന്ത്രി മധ്യസ്ഥ പ്രക്രിയയെ തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയുമാണ് ചെയ്യുന്നത്. ഇസ്രായേൽ ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം തന്റെ രാഷ്ട്രീയ നേട്ടത്തിനാണ് (നെതന്യാഹു) മുൻഗണന നൽകുന്നത്. അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം, ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹു തീരുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -ട്വീറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.