ഖത്തർ ലോകകപ്പ്; സഞ്ചാരികളെ ആകർഷിക്കാൻ 'ഹാഫ്ടൈം ഫോർ ഒമാൻ'
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാനിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ 'ഹാഫ്ടൈം ഫോർ ഒമാൻ' എന്നപേരിൽ മത്സരവുമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം.
ദേശീയ ട്രാവൽ ഓപറേറ്റർ പ്ലാറ്റ്ഫോം ആയ visitoman.om വഴി സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിന് ഒമാൻ എയറുമായി സഹകരിച്ചാണ് മത്സരം നടത്തുക. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന മത്സരത്തിലൂടെ സുൽത്താനേറ്റിൽ സൗജന്യമായി അവധിക്കാലം ആസ്വാദിക്കാനുള്ള അവസരമാണ് ലഭിക്കുകയെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാനിന് പുറത്തുള്ള ആരാധകരെ ലക്ഷ്യമിട്ടുള്ള മത്സരം ലോകകപ്പ് മത്സരങ്ങളുടെയും ഇടവേളയിലായിരിക്കും നടത്തുക. മത്സരങ്ങളുടെ സ്വഭാവവും മറ്റും വരുംദിവസങ്ങളിൽ അറിയാം. visitoman.om സുൽത്താനേറ്റിന്റെ ഡിജിറ്റൽ ട്രാവൽ ബുക്കിങ് ഗേറ്റ്വേയാണ്. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ യാത്ര, താമസം, ഗതാഗതം വിനോദസഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിപുലമായ സേവനങ്ങളാണ് ട്രാവൽ ഏജന്റുമാർക്കും ടൂർ ഓപറേറ്റർമാർക്കും നൽകുന്നത്. അതേസമയം, ഖത്തർ ലോകകപ്പിന് ആവേശം പകരാൻ വൈിധ്യമാർന്ന പരിപാടികളാണ് അധികൃതർ ഒരുക്കിയത്. ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായി നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് ആർ.ഒ.പി കഴിഞ്ഞ ദിവസം അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിസക്ക് 60 ദിവസത്തെ കാലാവധിയായിരിക്കും ഉണ്ടാകുക. മൾട്ടി എൻട്രി ടൂസിസ്റ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. ഖത്തർ ലോകകപ്പ് വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തുനിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും ലോകകപ്പ് വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ് ഹയ്യ കാർഡ്.
ലോകകപ്പിനോടനുബന്ധിച്ച് എത്തുന്ന ആരാധകരുടെ ആഘോങ്ങൾക്ക് നിറംപകരാൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നവംബർ 20 മുതൽ ഡിസംബർ 18 വരെ ഫുട്ബാൾ ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ഒ.സി.ഇ.സിയുടെ ഗാർഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.