ഭീകരതക്കെതിരെ ആഞ്ഞടിച്ച് ക്വാഡ് ഉച്ചകോടി
text_fieldsടോക്യോ: തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും പ്രകോപനപരവും ഏകപക്ഷീയവുമായ നടപടികൾ ഉണ്ടാവരുതെന്നും ചൈനക്ക് ക്വാഡ് രാജ്യങ്ങളുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം വർധിപ്പിക്കരുത്. ടോക്യോയിൽ നടക്കുന്ന ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക, ജപ്പാൻ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സഹകരണം ശക്തിപ്പെടുത്താനും ക്വാഡ് രാജ്യങ്ങൾ തീരുമാനിച്ചു. വ്യാപാര മേഖലയിൽ ചൈനയുടെ മേധാവിത്വത്തിന് കടിഞ്ഞാണിടാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങൾ സാമ്പത്തിക സഹകരണ കൂട്ടായ്മ രൂപവത്കരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ക്വാഡ് അംഗ രാജ്യങ്ങളും ചൈനയും തമ്മിലെ ബന്ധത്തിൽ ഉലച്ചിലുണ്ട്. ഇൗ സാഹചര്യത്തിൽ ചൈനക്കുള്ള മുന്നറിയിപ്പിന് പ്രാധാന്യമുണ്ട്. അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുകയും ചെയ്യുന്നു. കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് മാർച്ചിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്തത്. മുംബൈ, പത്താൻകോട്ട് ഉൾപ്പെടെ ഭീകരാക്രമണത്തെയും ക്വാഡ് അംഗരാജ്യങ്ങൾ അപലപിച്ചു. ഏതു രീതിയിലെ ഭീകരാക്രമണവും എതിർക്കപ്പെടേണ്ടതാണെന്നും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഭീകരർക്ക് ഒരുതരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയായിരുന്നു ഭീകരാക്രമണത്തെ രാഷ്ട്രത്തലവൻമാർ തള്ളിപ്പറഞ്ഞത്. പാകിസ്താൻ ആസ്ഥാനമായ ലശ്കറെ തയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളായിരുന്നു മുംബൈയിലും പത്താൻകോട്ട് വ്യോമതാവളത്തിലും ആക്രമണം നടത്തിയത്.
ക്വാഡ് അംഗരാജ്യങ്ങൾക്കിടയിലെ പരസ്പര വിശ്വാസവും നിശ്ചയദാർഢ്യവും ജനാധിപത്യ ശക്തികൾക്ക് പുതു ഊർജം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി. ക്വാഡ് ക്രിയാത്മകമായ പരിപാടികളാണ് പിന്തുടരുന്നത്. ടോക്യോയിൽ ക്വാഡ് നേതൃതലയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിനിടയിലും പല വിഷയങ്ങളിലും അംഗരാജ്യങ്ങൾ ഏകോപനം സാധ്യമാക്കി. ഇത് ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും േക്ഷമവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി അപലപിച്ചുവെങ്കിലും മോദി ഇക്കാര്യം പരാമർശിച്ചില്ല.
വർഷംതോറും 100 വിദ്യാർഥികൾക്ക് ഫെലോഷിപ്
ടോക്യോ: ക്വാഡ് അംഗരാജ്യങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുങ്ങുന്നു. യുവതലമുറയിലെ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കാൻ ഫെലോഷിപ് നൽകാൻ ക്വാഡ് നേതൃതലയോഗം തീരുമാനിച്ചു.
ഇന്ത്യ, അമേരിക്ക, ആട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനും ഗവേഷണത്തിനും അപേക്ഷിക്കാം. നാലു രാജ്യങ്ങളിൽനിന്ന് 25 വിദ്യാർഥികൾക്ക് വീതം ഓരോ വർഷവും 100 പേർക്കാണ് സ്കോളർഷിപ്. അമേരിക്കയിൽ മുൻനിരയിലുള്ള സയൻസ്, എൻജിനീയറിങ്, ഗണിത സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവയിൽ പഠനത്തിനും ഗവേഷണത്തിനുമാണ് ഇവർക്ക് അവസരം ലഭിക്കുക. 2023ൽ ഫെലോഷിപ് നൽകി തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.